ദമ്മാം ആസ്ഥാനമായി പുതിയ വിമാന കമ്പനി ഉടൻ സർവീസ് ആരംഭിക്കും
സൗദി അറേബ്യയിൽ കുറഞ്ഞ ചെലവിൽ യാത്ര സാധ്യമാക്കുന്ന പുതിയ ബജറ്റ് വിമാനക്കമ്പനി ഉടൻ പ്രവർത്തനം ആരംഭിക്കുന്നു. കിഴക്കൻ പ്രവിശ്യയിലെ ദമ്മാം കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രീകരിച്ചാണ് കമ്പനി സർവീസുകൾ നടത്തുക. വാണിജ്യ സർവീസുകൾക്ക് ആവശ്യമായ എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (ഗാക) കമ്പനിക്ക് കൈമാറി.
ഗതാഗത ലോജിസ്റ്റിക് സേവന മന്ത്രി എൻജി. സാലിഹ് ബിൻ നാസർ അൽ ജാസർ, ഗാക പ്രസിഡന്റ് അബ്ദുൽഅസീസ് ബിൻ അബ്ദുള്ള അൽ ദുഐലജ് എന്നിവരുടെ സാന്നിധ്യത്തിലാണ് അനുമതി പത്രം കൈമാറിയത്. യു.എ.ഇ ആസ്ഥാനമായ എയർ അറേബ്യ, സൗദിയിലെ കെ.യു.എൻ ഹോൾഡിങ്, നെസ്മ ഗ്രൂപ്പ് എന്നിവരുമായി സഹകരിച്ചാണ് സംരംഭം രൂപീകരിച്ചിരിക്കുന്നത്. സെപ്റ്റംബർ 20 മുതൽ സർവീസുകൾ ആരംഭിക്കുന്ന കമ്പനി ആദ്യഘട്ടത്തിൽ ദമ്മാമിൽ നിന്ന് റിയാദ്, ജിദ്ദ, മദീന എന്നീ നഗരങ്ങളിലേക്കാണ് വിമാനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
സൗദിയുടെ ‘വിഷൻ 2030’ പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന വിമാനക്കമ്പനി 2030-ഓടെ 24 ആഭ്യന്തര റൂട്ടുകളിലേക്കും 57 അന്താരാഷ്ട്ര കേന്ദ്രങ്ങളിലേക്കും സർവീസ് വ്യാപിപ്പിക്കാൻ ലക്ഷ്യമിടുന്നു. പുതിയ സർവീസുകൾ നിലവിൽ വരുന്നതോടെ വ്യോമയാന മേഖലയിലെ മത്സരം വർധിക്കുമെന്നും യാത്രക്കാർക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാകുമെന്നും പ്രതീക്ഷിക്കുന്നു.