ഒമാനി സ്കൂളുകളിൽ അഞ്ചാം ക്ലാസ് ഘടന മാറുന്നെന്ന വാർത്ത വ്യാജം; വിദ്യാഭ്യാസ മന്ത്രാലയം

 

ഒമാനിലെ സ്‌കൂളുകളിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളെ 'ഫസ്റ്റ് സൈക്കിൾ' വിദ്യാഭ്യാസ പദ്ധതിയിലേക്ക് മാറ്റാൻ തീരുമാനിച്ചെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണമായും വ്യാജമാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.രാജ്യത്തെ ഒരു ഗവർണറേറ്റിലും ഇത്തരമൊരു മാറ്റം നടപ്പിലാക്കാൻ തീരുമാനിച്ചിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു. രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട ചില സ്‌കൂളുകളിൽ ആദ്യ ഘട്ടമായി അഞ്ചാം ക്ലാസിനെ ഫസ്റ്റ് സൈക്കിൾ സിസ്റ്റത്തിലേക്ക് മാറ്റുമെന്നും, പിന്നീട് ഇത് രാജ്യവ്യാപകമായി നടപ്പിലാക്കുമെന്നുമായിരുന്നു സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച സന്ദേശം.

പൊതുജനങ്ങൾ ഔദ്യോഗിക ചാനലുകൾ വഴി വരുന്ന വിവരങ്ങളെ മാത്രം  ആശ്രയിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. വസ്തുതാവിരുദ്ധമായ ഇത്തരം സന്ദേശങ്ങൾ വിദ്യാർത്ഥികളും രക്ഷിതാക്കളും പൊതുജനങ്ങളും പ്രചരിപ്പിക്കരുതെന്നും മന്ത്രാലയം കർശന നിർദേശം നൽകിയിട്ടുണ്ട്.ഇത്തരം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.