വിമാനം മാറിപ്പോയി; വാൻകൂവറിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം 9 മണിക്കൂറിന് ശേഷം ഡൽഹിയിൽ തിരിച്ചിറക്കി

 

കാനഡയിലെ വാൻകൂവറിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ഒമ്പത് മണിക്കൂർ ആകാശത്ത് പറന്ന ശേഷം ഡൽഹിയിൽ തിരിച്ചിറക്കി. വാൻകൂവറിൽ ഇറങ്ങാൻ നിയമപരമായ അനുമതിയുള്ള വിമാനത്തിന് പകരം മറ്റൊരു വിമാനം അബദ്ധത്തിൽ ഉപയോഗിച്ചതാണ് ഈ അസാധാരണ സംഭവത്തിന് കാരണമായതെന്ന് എയർ ഇന്ത്യ വക്താവ് അറിയിച്ചു.

വ്യാഴാഴ്ച രാവിലെ 11:34-ന് ഡൽഹിയിൽ നിന്ന് വാൻകൂവറിലേക്ക് പുറപ്പെട്ട എഐ185 (AI185) വിമാനമാണ് പാതിവഴിയിൽ യാത്ര അവസാനിപ്പിച്ചത്. ഗൾഫ് മേഖലയിലെ സംഘർഷങ്ങൾ ഒഴിവാക്കാൻ കിഴക്കൻ റൂട്ടിലൂടെ സഞ്ചരിച്ച വിമാനം ചൈനീസ് വ്യോമാതിർത്തിയിലെ കുൻമിങ്ങിന് സമീപം എത്തിയപ്പോഴാണ് അധികൃതർ അബദ്ധം തിരിച്ചറിഞ്ഞത്. കാനഡയിലേക്കുള്ള സർവീസുകൾക്കായി ബോയിങ് 777-300ER വിമാനം ഉപയോഗിക്കാനാണ് എയർ ഇന്ത്യയ്ക്ക് അനുമതിയുള്ളത്. എന്നാൽ ഈ യാത്രയ്ക്കായി അബദ്ധത്തിൽ തിരഞ്ഞെടുത്തത് ബോയിങ് 777-200LR എന്ന വിമാനമായിരുന്നു.

കാനഡയിൽ ഈ പ്രത്യേക വിമാനം ഇറക്കാൻ മുൻകൂർ അനുമതിയില്ലാത്തതിനാൽ യാത്ര തുടരാനാവില്ലെന്ന് ഉറപ്പായതോടെ വിമാനം ഡൽഹിയിലേക്ക് തന്നെ മടങ്ങി. ഒമ്പത് മണിക്കൂർ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ വിമാനം സുരക്ഷിതമായി ഡൽഹിയിൽ ലാൻഡ് ചെയ്തു. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിച്ച എയർ ഇന്ത്യ, വെള്ളിയാഴ്ച രാവിലെ മറ്റൊരു വിമാനത്തിൽ യാത്രക്കാരെ വാൻകൂവറിലേക്ക് അയച്ചതായി സ്ഥിരീകരിച്ചു.