പ്രതിഷേധം കനത്തു; സ്വയം 'യേശുവായി' ചിത്രീകരിച്ച പോസ്റ്റ് പിൻവലിച്ച് ട്രംപ്

 

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് നിർമ്മിച്ച വിവാദ ചിത്രം സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്ത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സ്വയം യേശുക്രിസ്തുവിനെപ്പോലെ ചിത്രീകരിച്ച് രോഗശാന്തി നൽകുന്ന തരത്തിലുള്ള പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് നടപടി. തന്റെ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലിൽ' നിന്നാണ് ട്രംപ് ചിത്രം പിൻവലിച്ചത്.

വെള്ള വസ്ത്രം ധരിച്ച് ആശുപത്രി കിടക്കയിലെ രോഗിയുടെ തലയിൽ കൈവെച്ച് സുഖപ്പെടുത്തുന്ന രൂപത്തിലായിരുന്നു ട്രംപിന്റെ ചിത്രം. ഇതിനെതിരെ കടുത്ത വിമർശനവുമായി വിശ്വാസികളും ക്രൈസ്തവ സംഘടനകളും രംഗത്തെത്തി. ചിത്രം ദൈവനിന്ദയാണെന്നും എല്ലാ പരിധികളും ലംഘിച്ചുവെന്നും പ്രമുഖ യാഥാസ്ഥിതിക ആക്ടിവിസ്റ്റുകൾ ചൂണ്ടിക്കാട്ടി. തന്നെ ഒരു ഡോക്ടറായാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നതെന്നും ആളുകൾക്ക് ആശയക്കുഴപ്പമുണ്ടായതിനാലാണ് ചിത്രം മാറ്റിയതെന്നും ട്രംപ് പിന്നീട് വിശദീകരിച്ചു.

മാർപാപ്പ ലിയോ പതിനാലാമനെതിരെയുള്ള വിമർശനങ്ങൾക്ക് പിന്നാലെയാണ് ഈ ചിത്രവും പുറത്തുവിട്ടത് എന്നത് ശ്രദ്ധേയമാണ്. ഇറാന്റെ കാര്യത്തിൽ മാർപാപ്പ സ്വീകരിക്കുന്ന നിലപാടുകളെ ട്രംപ് രൂക്ഷമായി വിമർശിച്ചിരുന്നു. ഇറാൻ യുദ്ധം മനുഷ്യത്വരഹിതമാണെന്ന മാർപാപ്പയുടെ പ്രസ്താവനയാണ് ട്രംപിനെ ചൊടിപ്പിച്ചത്. നേരത്തെ ഒബാമ കുടുംബത്തെ അധിക്ഷേപിക്കുന്ന വീഡിയോ പങ്കുവെച്ചതും വിവാദമായതിനെത്തുടർന്ന് വൈറ്റ് ഹൗസിന് നീക്കം ചെയ്യേണ്ടി വന്നിരുന്നു.