ഹോർമുസിൽ ദീർഘകാല ഉപരോധം; ട്രംപിന്റെ പുതിയ സാമ്പത്തിക തന്ത്രം
ഇറാനെതിരായ നീക്കങ്ങളിൽ നിർണ്ണായകമായ മാറ്റം വരുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നേരിട്ടുള്ള സൈനിക ആക്രമണത്തിന് പകരം 'ദീർഘകാല ഉപരോധം' (Long-term Siege) ഏർപ്പെടുത്തി ഇറാന്റെ സാമ്പത്തിക അടിത്തറ തകർക്കാനാണ് ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നത്. ഇതിനായുള്ള കർശന നടപടികൾ സ്വീകരിക്കാൻ ട്രംപ് തന്റെ സഹായികൾക്ക് നിർദ്ദേശം നൽകിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ ഗതാഗത പാതയായ ഹോർമുസ് കടലിടുക്കിനെ കേന്ദ്രീകരിച്ചാണ് യുഎസിന്റെ പുതിയ നീക്കം. ഹോർമുസിലൂടെയുള്ള ടാങ്കർ നീക്കങ്ങൾ നിയന്ത്രിക്കുന്നതിലൂടെ ഇറാന്റെ എണ്ണ കയറ്റുമതി പൂർണ്ണമായും തടസ്സപ്പെടുത്താൻ സാധിക്കുമെന്ന് യുഎസ് കണക്കുകൂട്ടുന്നു. നിലവിൽ ഇറാന്റെ എണ്ണ കയറ്റുമതിയിൽ വൻ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. കയറ്റുമതി തടയപ്പെട്ടതോടെ രാജ്യത്തെ എണ്ണ സംഭരണ കേന്ദ്രങ്ങൾ ഏകദേശം പൂർണ്ണമായി നിറഞ്ഞു. റിപ്പോർട്ടുകൾ പ്രകാരം 12 മുതൽ 22 ദിവസത്തേക്കുള്ള സംഭരണ ശേഷി മാത്രമേ ഇറാനിൽ ഇനി അവശേഷിക്കുന്നുള്ളൂ.
സംഭരണ കേന്ദ്രങ്ങൾ നിറയുന്നതോടെ ഉത്പാദനം കുറയ്ക്കാൻ ഇറാൻ നിർബന്ധിതരാകും. ഇത് എണ്ണ വരുമാനത്തെ ആശ്രയിച്ചു കഴിയുന്ന രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകർക്കും. ഈ പ്രതിസന്ധി മറികടക്കാൻ 'എം/ടി നാഷ' (M/T Nasha) പോലുള്ള പഴയ ടാങ്കറുകളെ കടലിലെ താൽക്കാലിക സംഭരണ കേന്ദ്രങ്ങളായി ഇറാൻ ഉപയോഗിക്കുന്നുണ്ടെങ്കിലും ഇത് പ്രായോഗികമല്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഒരു വലിയ പ്രാദേശിക യുദ്ധത്തിന് വഴിമരുന്നിടാതെ തന്നെ ഇറാന്റെ സാമ്പത്തിക അടിത്തറ തകർക്കാൻ ഈ തന്ത്രപരമായ ഉപരോധം സഹായിക്കുമെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ വിലയിരുത്തൽ.