ഉച്ചവിശ്രമ നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് പരാതിപ്പെടാം; ഒമാൻ തൊഴിൽ മന്ത്രാലയം
Jun 25, 2026, 16:34 IST
ഒമാനിൽ ഉച്ചവിശ്രമ നിയമം ലംഘിക്കുന്നവർക്കെതിരെ പൊതുജനങ്ങൾക്ക് പരാതിപ്പെടാമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു. നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കുമായി മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റും തജാവുബ് പ്ലാറ്റ്‌ഫോമും ഉപയോഗിക്കണമെന്നും മന്ത്രാലയം അറിയിച്ചു
കടുത്ത വേനൽച്ചൂട് കാരണം തൊഴിലാളികൾക്ക് ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ മന്ത്രാലയം നടപ്പിലാക്കിയതാണ് ഉച്ചവിശ്രമ നിയമം. ജോലിസ്ഥലങ്ങളിലെ സുരക്ഷാ സംസ്‌കാരം പ്രോത്സാഹിപ്പിക്കുക, ഉയർന്ന താപനിലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുക എന്നിവയാണ് മന്ത്രാലയത്തിന്റെ സമ്മർ കാമ്പെയ്ൻ വഴി ലക്ഷ്യമിടുന്നത്. നിയമം ലംഘിക്കുന്ന കമ്പനികൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.