മഴ കനക്കുന്നു; ഖസീമിലും റിയാദിലും ഇന്നും സ്കൂളുകൾ ഓൺലൈൻ പ്ലാറ്റ്‌ഫോമിലേക്ക്
സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ മഴ ശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ, സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഇന്നും ക്ലാസുകൾ ഓൺലൈൻ വഴി നടത്താൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. ഖസീം പ്രവിശ്യയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും റിയാദ് പ്രവിശ്യയിലെ ഭൂരിഭാഗം ഗവർണറേറ്റുകളിലെ സ്‌കൂളുകൾക്കുമാണ് ഇന്ന് നേരിട്ടുള്ള ക്ലാസുകൾ ഒഴിവാക്കിയത്. 'മദ്‌റസത്തീ' പ്ലാറ്റ്‌ഫോം വഴിയായിരിക്കും പഠനപ്രവർത്തനങ്ങൾ തുടരുക.
റിയാദ് പ്രവിശ്യയിലെ സാദിഖ്, ഹുറൈമില, റുമാഹ്, ദുർമ, മറാത്ത്, ദവാദ്മി, സുൽഫി, മജ്മഅ്, അൽ ഗാത്ത്, ശഖ്‌റ, അഫീഫ്, അൽ റൈൻ, അൽ ഖുവയ്യ തുടങ്ങിയ ഗവർണറേറ്റുകളിലെ സ്‌കൂളുകൾക്ക് ഈ നിർദേശം ബാധകമാണ്. കനത്ത മഴയെത്തുടർന്ന് റോഡുകളിലുണ്ടാകുന്ന വെള്ളക്കെട്ടും മിന്നൽ പ്രളയസാധ്യതയും കണക്കിലെടുത്താണ് വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സുരക്ഷ മുൻനിർത്തി ഇത്തരമൊരു തീരുമാനമെടുത്തത്.
അതേസമയം, സൗദിയിൽ വെള്ളിയാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. താഴ്ന്ന പ്രദേശങ്ങളിൽ നിന്നും വെള്ളക്കെട്ടുള്ള ഇടങ്ങളിൽ നിന്നും ജനങ്ങൾ വിട്ടുനിൽക്കണമെന്ന് സിവിൽ ഡിഫൻസ് നിർദേശിച്ചിട്ടുണ്ട്. ക്ലാസുകളുടെ കാര്യത്തിൽ ഓരോ ദിവസത്തെയും സാഹചര്യം പരിഗണിച്ച് മാറ്റമുണ്ടാകാൻ സാധ്യതയുള്ളതിനാൽ ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.