നവീകരണം പൂർത്തിയായി; സൗദിയിലെ അൽ വജ്ഹ് വിമാനത്താവളം വീണ്ടും തുറന്നു
രണ്ട് വർഷം നീണ്ടുനിന്ന സമഗ്രമായ വികസന-ആധുനികീകരണ പ്രവർത്തനങ്ങൾക്ക് ശേഷം വടക്കുപടിഞ്ഞാറൻ സൗദി അറേബ്യയിലെ അൽ വജ്ഹ് (Al Wajh) അന്താരാഷ്ട്ര വിമാനത്താവളം വീണ്ടും പ്രവർത്തനസജ്ജമായി. വിമാനത്താവളം ഔദ്യോഗികമായി തുറന്ന കാര്യം റെഡ് സീ ഇന്റർനാഷണൽ ഗ്രൂപ്പാണ് പ്രഖ്യാപിച്ചത്.
പ്രവർത്തനം പുനരാരംഭിച്ചതിന് പിന്നാലെ സൗദി എയർലൈൻസ് ആഴ്ചയിൽ അഞ്ച് സർവീസുകളാണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ മൂന്നെണ്ണം തലസ്ഥാനമായ റിയാദിൽ നിന്നും രണ്ടെണ്ണം ജിദ്ദയിൽ നിന്നുമാണ്. വരും ദിവസങ്ങളിൽ തന്നെ ഇവിടെനിന്ന് അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കുമെന്നും റെഡ് സീ ഇന്റർനാഷണൽ വ്യക്തമാക്കുന്നു.
യാത്രക്കാരുടെ ശേഷി അഞ്ച് ലക്ഷമായി ഉയർത്തി:
വൻതോതിലുള്ള വികസന പ്രവർത്തനങ്ങളാണ് വിമാനത്താവളത്തിൽ പൂർത്തിയായിരിക്കുന്നത്. മുൻപ് പ്രതിവർഷം ഒരു ലക്ഷം യാത്രക്കാരെ മാത്രം ഉൾക്കൊള്ളാൻ ശേഷിയുണ്ടായിരുന്ന പാസഞ്ചർ ടെർമിനൽ, നവീകരണത്തോടെ അഞ്ച് ലക്ഷം യാത്രാക്കാരെ സ്വീകരിക്കാൻ തക്കവണ്ണം വിപുലീകരിച്ചു. നിലവിൽ നാല് ആഗമന-പുറപ്പെടൽ (Arrival/Departure) ഗേറ്റുകളാണ് ഇവിടെയുള്ളത്. എയർബസ് A320, ബോയിങ് 737 തുടങ്ങിയ ഇടത്തരം-വലിയ വിമാനങ്ങൾക്ക് സുഗമമായി സർവീസ് നടത്താൻ സാധിക്കുന്ന രീതിയിലാണ് റൺവേയും മറ്റ് സംവിധാനങ്ങളും പുനഃക്രമീകരിച്ചിരിക്കുന്നത്.
അൽ വജ്ഹ് നഗരത്തിന്റെയും തബൂക്ക് മേഖലയിലെ തീരപ്രദേശങ്ങളുടെയും പാരമ്പര്യവും ചരിത്രപരമായ സവിശേഷതകളും ഉൾക്കൊണ്ടാണ് വിമാനത്താവളത്തിന്റെ വാസ്തുവിദ്യാ രൂപകൽപ്പന നിർവ്വഹിച്ചിരിക്കുന്നത്.
നിലവിലുള്ള ഒരു വിമാനത്താവളം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നത് പ്രാദേശിക സമൂഹങ്ങൾ തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനും സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുന്നതിനും സഹായിക്കുമെന്ന് റെഡ് സീ ഇന്റർനാഷണൽ ഗ്രൂപ്പ് സി.ഇ.ഒ ജോൺ പഗാനോ പറഞ്ഞു. അന്താരാഷ്ട്ര വിമാന സർവീസുകൾ സ്വീകരിക്കുന്നതിനും തബൂക്ക് മേഖലയെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളുമായും ആഗോള വിപണികളുമായും ബന്ധിപ്പിക്കുന്നതിനും വിമാനത്താവളം ഇപ്പോൾ പൂർണ്ണ സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.