സൗദിയിൽ ഇന്റർവ്യൂ ഫലം 30 ദിവസത്തിനകം അറിയിക്കണം; നിർദേശവുമായി തൊഴിൽ മന്ത്രാലയം
സൗദി അറേബ്യയിൽ തൊഴിൽ ഇന്റർവ്യൂ ഫലം 30 ദിവസത്തിനകം ഉദ്യോഗാർത്ഥികളെ നിർബന്ധമായും അറിയിക്കണമെന്ന് മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയം. സ്ഥാപനങ്ങളിൽ ഇന്റർവ്യൂവിന് ശേഷം ഉദ്യോഗാർത്ഥിയെ തിരഞ്ഞെടുത്താലും ഇല്ലെങ്കിലും നിശ്ചിത സമയത്തിനകം വിവരം വ്യക്തമാക്കണം. ഇത് പാലിക്കാത്തത് തൊഴിൽ ചട്ടങ്ങളുടെ ലംഘനമായി കണക്കാക്കുമെന്നാണ് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ചട്ടം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ഉദ്യോഗാർത്ഥികൾക്ക് മന്ത്രാലയത്തിന്റെ ഔദ്യോഗിക ആപ്ലിക്കേഷൻ വഴി പരാതി നൽകാം. ആപ്പിലെ 'ലേബർ സിസ്റ്റം വയലേഷൻസ്' വിഭാഗത്തിൽ പ്രവേശിച്ച് 'ജനറൽ ഒബ്ലിഗേഷൻസ്' എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് ഇന്റർവ്യൂ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് കാണിച്ച് റിപ്പോർട്ട് ചെയ്യാനുള്ള സൗകര്യമുണ്ട്.
തൊഴിലന്വേഷകരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും തൊഴിൽ വിപണിയിൽ കൂടുതൽ സുതാര്യത ഉറപ്പുവരുത്തുന്നതിനുമാണ് മന്ത്രാലയം ഈ പുതിയ നടപടി സ്വീകരിച്ചിരിക്കുന്നത്.