ഇറാൻ നൽകിയ റൂട്ട് അവഗണിച്ചു; ഹോർമൂസ് കടലിടുക്കിൽ വിദേശ കപ്പൽ മണൽത്തിട്ടയിൽ ഇടിച്ചുകയറി
അമേരിക്ക-ഇറാൻ സമാധാന ധാരണയ്ക്ക് പിന്നാലെ ഭാഗികമായി തുറന്ന ഹോർമൂസ് കടലിടുക്കിൽ വിദേശ കപ്പൽ അപകടത്തിൽപ്പെട്ടു. ഇറാൻ അധികൃതർ നിർദ്ദേശിച്ച സുരക്ഷിത നാവിക റൂട്ട് അവഗണിച്ചു സഞ്ചരിച്ച കപ്പൽ കടലിടുക്കിലെ മണൽത്തിട്ടയിൽ ഇടിച്ചുകയറുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അപകടത്തിൽപ്പെട്ടത് ഏത് രാജ്യത്തിന്റെ കപ്പലാണെന്നതുൾപ്പെടെയുള്ള വിവരങ്ങൾ ഇറാൻ പുറത്തുവിട്ടിട്ടില്ല. അതേസമയം, ഹോർമൂസ് കടലിടുക്കിൽ സ്ഥാപിച്ചിട്ടുള്ള മൈനുകൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട നടപടികൾ അതീവ സങ്കീർണ്ണമാണെന്നും ഇതിനായി അന്താരാഷ്ട്ര വിദഗ്ദ്ധരുടെ സേവനം ആവശ്യമാണെന്നും ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്ന ഖത്തർ വ്യക്തമാക്കി. ധാരണകൾ നിലവിലുണ്ടെങ്കിലും അമേരിക്കയും ഇറാനും തമ്മിൽ നിലവിൽ നേരിട്ടുള്ള ചർച്ചകൾ നടക്കുന്നില്ലെന്നും ഖത്തർ അറിയിച്ചു.
മൈൻ നീക്കത്തിൽ തർക്കം; ചർച്ചകൾ ഖത്തർ വഴി മാത്രം
സമാധാന ധാരണയിലെ ആദ്യ നടപടിയായ ഹോർമൂസിലെ മൈൻ നീക്കൽ പ്രക്രിയയിൽ അന്താരാഷ്ട്ര ഇടപെടൽ വേണമെന്നാണ് ഖത്തറിന്റെ നിലപാട്. എന്നാൽ മേഖലയിൽ തങ്ങൾ മാത്രമായിരിക്കും ഈ നടപടികൾ പൂർത്തിയാക്കുകയെന്ന കടുപിടുത്തത്തിലാണ് ഇറാൻ. ഒമാന്റെ കൂടി പങ്കാളിത്തത്തോടെ മുൻപ് തുറന്ന സുരക്ഷിത ഇടനാഴി ഇറാൻ ആക്രമിച്ച പശ്ചാത്തലത്തിൽ, മേഖലയിലെ രാജ്യങ്ങളുടെ സമവായത്തോടെയുള്ള അന്താരാഷ്ട്ര ഇടപെടൽ വേണമെന്ന് ഖത്തർ ആവർത്തിച്ചു.
അമേരിക്കൻ മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ജെറദ് കുഷ്‌നറും നിലവിൽ ദോഹയിലുണ്ടെങ്കിലും ഇരുവിഭാഗവും ഖത്തറുമായി മാത്രമാണ് സാങ്കേതിക വിഷയങ്ങളിൽ ചർച്ച നടത്തുന്നത്. അതേസമയം, ഇറാനുമായി ചർച്ചകൾക്ക് തന്നെയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുൻതൂക്കം നൽകുന്നതെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.
1200 കോടി ഡോളർ വേണമെന്ന് ഇറാൻ
ഹോർമൂസ് പ്രതിസന്ധിക്ക് പുറമെ ഫണ്ട് കൈമാറ്റത്തിലും ഇരുരാജ്യങ്ങളും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്. അമേരിക്ക മരവിപ്പിച്ച ഇറാന്റെ സ്വത്തുക്കളിൽ 1200 കോടി ഡോളർ തങ്ങളുടെ സെൻട്രൽ ബാങ്കിന് നേരിട്ട് ലഭിക്കണമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ ആവശ്യപ്പെട്ടു. എന്നാൽ ഈ തുക ഉപയോഗിച്ച് അമേരിക്കൻ കർഷകരുടെ ഉൽപ്പന്നങ്ങൾ വാങ്ങണമെന്നാണ് യു.എസ് നിലപാട്. ഈ ഫണ്ടുകൾ ഖത്തർ നേരിട്ടല്ല നൽകുന്നതെന്നും തങ്ങൾ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്ന ഒരു മധ്യസ്ഥൻ മാത്രമാണെന്നും ഖത്തർ വിദേശകാര്യ വക്താവ് വ്യക്തമാക്കി.