ദുകം സ്പേസ് പോർട്ടിൽ നിന്നുള്ള രണ്ടാമത്തെ റോക്കറ്റ് വിക്ഷേപണവും വിജയകരം
ഒമാന്റെ ബഹിരാകാശ സ്വപ്നങ്ങൾക്ക് കരുത്തുപകർന്ന് ദുകം സ്പേസ് പോർട്ടിൽ നിന്നുള്ള രണ്ടാമത്തെ പരീക്ഷണ റോക്കറ്റ് വിക്ഷേപണവും വിജയകരമായി പൂർത്തിയാക്കി. ‘കർമാൻ എക്സ് 1’ ദൗത്യത്തിന്റെ ഭാഗമായി ‘ആസാദ് ഡ്രീമർ’ എന്ന റോക്കറ്റാണ് വിജയകരമായി പറന്നുയർന്നത്. 4.3 മീറ്റർ നീളവും 26 കിലോഗ്രാം ഭാരവുമുള്ള ഈ റോക്കറ്റ് വിക്ഷേപണത്തിന് പിന്നാലെ മിഷൻ കൺട്രോൾ സെന്ററിലേക്ക് കൃത്യമായ ഫ്ലൈറ്റ് ഡാറ്റ കൈമാറുകയും റോക്കറ്റിന്റെ സാങ്കേതിക ശേഷി തെളിയിക്കുകയും ചെയ്തു.
2024 ഡിസംബറിലെ ‘ദുകം-1’ ദൗത്യത്തിന് ശേഷമുള്ള രണ്ടാമത്തെ വിക്ഷേപണമാണിത്. ഫോർമേഷൻ പ്രോഗ്രാമിന്റെ ഭാഗമായി ഒമാന്റെ സ്റ്റെല്ലാർ കൈനറ്റിക്സ് എം.സി.ടി, സിംഗപ്പൂരിലെ ഒക്യുലോ സ്പേസ്, ആസ്‌ത്രേലിയയിലെ ഓർബിറ്റ്2ഓർബിറ്റ് എന്നീ സ്ഥാപനങ്ങൾ സംയുക്തമായാണ് പദ്ധതി നടപ്പാക്കിയത്. ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള നാഷനൽ സ്പേസ് പ്രോഗ്രാമിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന സ്പേസ് പോർട്ട് വഴി രാജ്യത്തേക്ക് കൂടുതൽ വിദേശ നിക്ഷേപങ്ങളും ബഹിരാകാശ സാങ്കേതിക മുന്നേറ്റവും കൊണ്ടുവരാനാണ് ഒമാൻ ലക്ഷ്യമിടുന്നത്.