ലോകത്താദ്യമായി മനുഷ്യനിൽ ഷാമോണ്ട വൈറസ് സ്ഥിരീകരിച്ചു; ജാഗ്രതയോടെ ലോകാരോഗ്യ സംഘടന

 

മൃഗങ്ങളിൽ മാത്രം കണ്ടുവന്നിരുന്ന ഷാമോണ്ട വൈറസ് ലോകത്താദ്യമായി മനുഷ്യനിൽ സ്ഥിരീകരിച്ചു. ഫ്രാൻസിൽ നിന്നുള്ള രോഗബാധിതനാണ് വൈറസ് ബാധയെ തുടർന്ന് മരണപ്പെട്ടതെന്ന് ലോകാരോഗ്യ സംഘടന (WHO) ഔദ്യോഗികമായി അറിയിച്ചു. വൈറസ് ബാധയേറ്റ മൃഗങ്ങൾ ഉള്ള പ്രദേശത്ത് കഴിഞ്ഞിരുന്നതും രോഗപ്രതിരോധശേഷി കുറഞ്ഞതുമായ യുവാവാണ് ലിയോണിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.

ഫ്രാൻസിന്റെ കിഴക്കുഭാഗത്ത് മൃഗങ്ങൾക്കിടയിൽ പടർന്നിരുന്ന വൈറസ് ബാധയേറ്റ ഈച്ച കടിച്ചാകാം രോഗം പകർന്നതെന്നാണ് ഫ്രഞ്ച് അധികൃതരുടെ സംശയം. എങ്കിലും നിലവിലുള്ള അണുബാധ ഒറ്റപ്പെട്ടതാണെന്നും മനുഷ്യരിലേക്ക് വ്യാപിക്കാൻ സാധ്യതയില്ലെന്നും ഡബ്ല്യു.എച്ച്.ഒ വ്യക്തമാക്കി. രോഗബാധയുടെ കൃത്യമായ സാഹചര്യങ്ങൾ വിലയിരുത്താൻ അന്വേഷണം പുരോഗമിക്കുകയാണ്.

കന്നുകാലികൾ, ആടുകൾ, കുതിരകൾ തുടങ്ങിയ മൃഗങ്ങളെ ബാധിക്കുന്ന ഷാമോണ്ട വൈറസ് കുലിക്കോയിഡ്‌സ് എന്ന ഒരിനം ഈച്ചകളുടെ കടിയിലൂടെയാണ് പ്രധാനമായും പടരുന്നത്. മൃഗങ്ങളിൽ വയറിളക്കം, വിശപ്പില്ലായ്മ, പാലുത്പാദനത്തിൽ കുറവ് എന്നിവയ്ക്ക് ഇത് കാരണമാകാറുണ്ട്. സ്വിറ്റ്‌സർലൻഡ്, ജർമനി എന്നിവിടങ്ങളിൽ നാഡീവ്യൂഹത്തെ ബാധിച്ചു ചത്ത കുതിരകളുടെ മസ്തിഷ്കത്തിലും ഈ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. എന്നാൽ മനുഷ്യരിൽ വൈറസ് ഉണ്ടാക്കുന്ന കൃത്യമായ ലക്ഷണങ്ങളെക്കുറിച്ച് ഇനിയും വ്യക്തത വന്നിട്ടില്ല.