ഹോർമുസ് കടലിടുക്ക് തുറക്കണം; സൗദിയുമായുള്ള ചർച്ചയിൽ നിലപാടറിയിച്ച് ചൈന

 

പശ്ചിമേഷ്യൻ സംഘർഷം ആഗോള സാമ്പത്തിക മേഖലയെ ബാധിക്കുന്ന പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്ക് ഗതാഗതത്തിനായി തുറന്നുകൊടുക്കണമെന്ന് ചൈന ആവശ്യപ്പെട്ടു. സൗദി അറേബ്യയുമായി നടത്തിയ ഉന്നതതല ചർച്ചയിലാണ് ചൈന തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. മേഖലയിലെ രാഷ്ട്രങ്ങളുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും പൊതുവികാരത്തിന് ഒപ്പം ചേർന്നുപോകാനാണ് ചൈന ആഗ്രഹിക്കുന്നതെന്ന് ചർച്ചയിൽ ധാരണയായി. യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കാൻ മേഖലയിലെ രാജ്യങ്ങൾക്കൊപ്പം ചൈന പ്രവർത്തിക്കുമെന്നും ബീജിംഗ് അറിയിച്ചു.

അതേസമയം, ഹോർമുസ് കടലിടുക്കിലെ നാവിക ഉപരോധം തുടരുകയാണെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട പുതിയ വീഡിയോ ദൃശ്യങ്ങൾ അമേരിക്ക പുറത്തുവിട്ടു. ഇതുവരെ 27 കപ്പലുകളെ ഈ മേഖലയിൽ നിന്നും തിരിച്ചയച്ചതായാണ് റിപ്പോർട്ട്. സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി പാകിസ്താൻ വീണ്ടും ഇറാനുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. അമേരിക്കൻ പ്രതിനിധി സംഘം ഉടൻ തന്നെ ചർച്ചകൾക്കായി ഇസ്‌ലാമാബാദിൽ എത്തും.

ഇതിനിടെ, അമേരിക്കയുമായുള്ള ചർച്ചകളിൽ തങ്ങൾക്ക് വിശ്വാസമില്ലെന്ന് ഇറാൻ സൈനിക വക്താവ് ബ്രിഗഡിയർ ജനറൽ മജീദ് മൗസവി വ്യക്തമാക്കി. ഉപരോധം തുടരുന്നത് ചർച്ചകളുടെ അന്തരീക്ഷത്തെ ബാധിക്കുമെന്ന് ഇറാൻ സൂചിപ്പിച്ചു.