കടൽത്തീരത്ത് ‘ലോകാവസാനത്തിന്റെ ദുരന്ത മത്സ്യം’; 3000 അടി താഴ്ചയിൽ കഴിയുന്ന അപൂർവ്വ മത്സ്യം കരക്കടിഞ്ഞു
മെക്സിക്കോയിലെ കാബോ സാൻ ലൂക്കാസ് ബീച്ചിൽ അതിവിചിത്രമായ രണ്ട് 'ഓർഫിഷുകളെ' (Oarfish) കണ്ടെത്തിയ വാർത്തയും ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ആഴക്കടലിൽ മാത്രം കണ്ടുവരുന്ന ഇവയെ 'ഡൂംസ്‌ഡേ ഫിഷ്' (Doomsday Fish) അഥവാ ലോകാവസാനത്തിന്റെ അല്ലെങ്കിൽ ദുരന്തത്തിന്റെ സൂചന നൽകുന്ന മത്സ്യം എന്നാണ് പലരും വിശേഷിപ്പിക്കുന്നത്. കടൽത്തീരത്ത് തിളങ്ങുന്ന രൂപത്തിൽ കണ്ട ഈ മത്സ്യങ്ങളെ രണ്ട് സഹോദരിമാരാണ് ആദ്യം ശ്രദ്ധിച്ചത്.
മോണിക്ക പിറ്റിംഗറും സഹോദരിയും ബീച്ചിലൂടെ നടക്കുമ്പോഴാണ് കരയോട് ചേർന്ന് വെള്ളത്തിൽ തിളങ്ങുന്ന രീതിയിലുള്ള ഈ മത്സ്യങ്ങളെ കണ്ടത്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 3000 അടി താഴ്ചയിൽ മാത്രം വസിക്കുന്ന ഇവയെ ഇത്രയും ആഴം കുറഞ്ഞ ഭാഗത്ത് കണ്ടത് അത്ഭുതപ്പെടുത്തിയെന്ന് മോണിക്ക പറഞ്ഞു. മത്സ്യങ്ങൾ കരയിൽ കിടന്ന് പിടയുന്നത് കണ്ട് സഹിക്കാനാകാതെ ഇരുവരും ചേർന്ന് അവയെ തിരികെ കടലിലേക്ക് വിടാൻ ശ്രമിച്ചു. ആദ്യം ഒരെണ്ണത്തെ കടലിലേക്ക് തള്ളിവിട്ടു. തൊട്ടടുത്തായി രണ്ടാമതൊരു മത്സ്യം കൂടി കരയിലേക്ക് അടിയുന്നത് കണ്ട് അതിനെയും ഇരുവരും ചേർന്ന് രക്ഷപ്പെടുത്തി. ചുറ്റും നിന്നവർ ഇവയെ തിരിച്ചറിയാത്തതിനാൽ അടുത്തേക്ക് വരാൻ മടിക്കുകയായിരുന്നു.
ജാപ്പനീസ് ഐതിഹ്യങ്ങൾ പ്രകാരം ഭൂകമ്പങ്ങൾക്കും സുനാമികൾക്കും മുൻപായി ഇത്തരം ആഴക്കടൽ ജീവികൾ ഉപരിതലത്തിലേക്ക് വരാറുണ്ട്. ഭൂമിക്കടിയിലെ കമ്പനങ്ങൾ തിരിച്ചറിയാൻ ഇവയ്ക്ക് പ്രത്യേക കഴിവുണ്ടെന്നാണ് വിശ്വാസം. അതിനാൽ തന്നെ ഇവ കരക്കടിയുന്നത് വലിയ പ്രകൃതിദുരന്തങ്ങളുടെ മുന്നോടിയാണെന്ന് പലരും ഭയപ്പെടുന്നു. എന്നാൽ ഇത്തരം മത്സ്യങ്ങൾ കരക്കടിയുന്നതും പ്രകൃതിദുരന്തങ്ങളും തമ്മിൽ നേരിട്ട് ബന്ധമുണ്ടെന്നതിന് ശാസ്ത്രീയമായ തെളിവുകളില്ലെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. എങ്കിലും, അതീവ സെൻസിറ്റീവ് ആയ ഈ ജീവികൾ കടലിനടിയിലെ മാറ്റങ്ങൾ പെട്ടെന്ന് തിരിച്ചറിയാൻ സാധ്യതയുണ്ടെന്ന് ഒരു വിഭാഗം ഗവേഷകർ കരുതുന്നു.