യു.എസ്. സൈന്യം കരുതിയതിനേക്കാൾ ദുർബലം, ട്രംപിന്റെ കാലാവധി തീരുംവരെ യുദ്ധം നീട്ടിക്കൊണ്ടുപോകുമെന്ന് ഇറാൻ

 

യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകാലാവധി കഴിയുന്നതുവരെ യുദ്ധം മനഃപൂർവം നീട്ടിക്കൊണ്ടുപോകാൻ ഇറാന് സാധിക്കുമെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (IRGC). ദീർഘകാല സംഘർഷത്തിലൂടെ ശത്രുവിനെ തളർത്തി ഭാവിയിലുണ്ടാകുന്ന ആക്രമണങ്ങളെ തടയുകയാണ് ലക്ഷ്യമെന്ന് ഐ.ആർ.ജി.സി. കമാൻഡർ ഇൻ ചീഫിന്റെ മുതിർന്ന ഉപദേഷ്ടാവ് മുഹമ്മദ് റസാ നഖ്ദി പറഞ്ഞു.

യുദ്ധം നീട്ടിക്കൊണ്ടുപോയി യു.എസിന് കനത്ത നഷ്ടമുണ്ടാക്കുക എന്നത് തങ്ങളുടെ മുന്നിലുള്ള പ്രധാന വഴിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിലെ പോരാട്ടത്തിലൂടെ യു.എസ്. സൈന്യം വിചാരിച്ചതിനേക്കാൾ ദുർബലമാണെന്ന് ബോധ്യപ്പെട്ടതായും ഇറാൻ നിലവിൽ കൂടുതൽ മിസൈലുകൾ ഉൽപ്പാദിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വർഷങ്ങളോളം യുദ്ധം നീണ്ടാലും റോക്കറ്റ് ആക്രമണങ്ങൾ തുടരാൻ ഇറാന് ശേഷിയുണ്ട്. മിസൈൽ ശേഖരം തീർന്നുപോയാൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള യു.എസിന്റെ സാമ്പത്തിക താല്പര്യങ്ങളെയും നിക്ഷേപങ്ങളെയും ലക്ഷ്യമിട്ട് ഇതിലും വലിയ ഭീഷണി ഉയർത്തുമെന്നും നഖ്ദി മുന്നറിയിപ്പ് നൽകി.