ബഹ്‌റൈനിൽ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വളരെ കുറവ്; ആയിരം വാഹനങ്ങളിൽ ഒരെണ്ണം മാത്രം 'ഇ.വി'

 

അടിസ്ഥാന സൗകര്യങ്ങളും പുതിയ ചാർജിങ് ചട്ടങ്ങളും നിലവിൽ വന്നിട്ടും ബഹ്‌റൈനിൽ ഇലക്ട്രിക് വാഹനങ്ങളുടെ (ഇ.വി) ഉപയോഗം വളരെ കുറഞ്ഞ നിരക്കിൽ തുടരുന്നു. കാർ മാർക്കറ്റ് കണക്കുകൾ പ്രകാരം രാജ്യത്ത് നിലവിൽ 800 ഓളം ഇലക്ട്രിക് വാഹനങ്ങൾ മാത്രമാണുള്ളത്. ഏകദേശം 7.94 ലക്ഷത്തിലധികം ലൈസൻസുള്ള വാഹനങ്ങളുള്ള രാജ്യത്ത്, റോഡിലിറങ്ങുന്ന ആയിരം വാഹനങ്ങളിൽ ഒരെണ്ണം മാത്രമാണ് ഇലക്ട്രിക് എന്നതിലേക്ക് വിപണി ചുരുങ്ങുന്നു.

ഉയർന്ന വില, ചാർജിങ് ലഭ്യതയിലുള്ള ആശങ്കകൾ, ചെലവേറിയ ബാറ്ററികളും അറ്റകുറ്റപ്പണികളും, സ്പെയർ പാർട്സുകളുടെ ലഭ്യതക്കുറവ്, ഉയർന്ന ഇൻഷുറൻസ് നിരക്കുകൾ, പരിശീലനം ലഭിച്ച മെക്കാനിക്കുകളുടെ കുറവ് എന്നിവയാണ് ഉപഭോക്താക്കളെ ഇ.വികളിൽ നിന്ന് അകറ്റുന്നത്. ജൂൺ വരെയുള്ള കണക്കനുസരിച്ച് രാജ്യത്ത് 12 ഇ.വി ചാർജിങ് സ്റ്റേഷനുകളാണുള്ളത്. 2025 ഒക്ടോബറിൽ അഞ്ച് അൾട്രാ-ഫാസ്റ്റ് സ്റ്റേഷനുകൾ തുറന്നതിനൊപ്പം, ചാർജിങ് മാനദണ്ഡങ്ങൾ നിർവചിക്കുന്ന പുതിയ ചട്ടങ്ങളും രാജ്യം നടപ്പിലാക്കിയിരുന്നു.

വാഹനങ്ങളുടെയും ബാറ്ററികളുടെയും സാങ്കേതികവിദ്യ മാറുന്ന സാഹചര്യത്തിൽ നിയമങ്ങൾ നിരന്തരം അവലോകനം ചെയ്യണമെന്ന് ശൂറ കൗൺസിൽ സർവീസസ് കമ്മിറ്റി ഡെപ്യൂട്ടി ഹെഡ് തലാൽ അൽ മന്നായി വ്യക്തമാക്കി. ഇ.വികളുടെ ഉപയോഗം കൂട്ടാൻ വെറും ഇറക്കുമതി മാത്രം പോരെന്നും ഗ്രിഡിലെ വൈദ്യുതി ലഭ്യതയും പുനരുപയോഗ ഊർജ്ജസ്രോതസ്സുകളുടെ ഉപയോഗവും ഉറപ്പാക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റസിഡൻഷ്യൽ ഏരിയകളിലും ഷോപ്പിങ് കേന്ദ്രങ്ങളിലും കൂടുതൽ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാനും സ്വകാര്യ കമ്പനികളെ ഈ മേഖലയിലേക്ക് ആകർഷിക്കാനും ഗതാഗതം, ഊർജ്ജം, നിക്ഷേപം എന്നിവ കോർത്തിണക്കിയുള്ള സമഗ്ര ദേശീയ പദ്ധതി അത്യാവശ്യമാണെന്ന് പാർലമെന്റ് ഫിനാൻഷ്യൽ ആൻഡ് ഇക്കണോമിക് അഫയേഴ്സ് കമ്മിറ്റി ചെയർമാൻ അഹമ്മദ് അൽ സല്ലൂമും അഭിപ്രായപ്പെട്ടു.