ലോകത്തിലെ ഏറ്റവും വലിയ ഗവൺമെന്റ് ഡാറ്റാ സെന്റർ സൗദിയിൽ; റിയാദിൽ തറക്കല്ലിട്ടു
ലോകത്തിലെ ഏറ്റവും വലിയ സർക്കാർ ഡാറ്റാ സെന്ററായ ‘ഹെക്‌സഗൺ’ റിയാദിന് സമീപമുള്ള സൽബൂകിൽ നിർമ്മാണം ആരംഭിച്ചു. സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റിയുടെ (SDAIA) ഉടമസ്ഥതയിൽ മൂന്ന് കോടി ചതുരശ്ര അടിയിലധികം വിസ്തൃതിയിലാണ് ഈ ബൃഹദ് പദ്ധതി ഒരുങ്ങുന്നത്. ശേഷിയുടെ കാര്യത്തിൽ ലോകത്തെ ഒന്നാമത്തെ സർക്കാർ ഡാറ്റാ സെന്ററായി മാറുന്ന ഇതിന്റെ ആകെ ശേഷി 480 മെഗാവാട്ടാണ്.
ഉയർന്ന സുരക്ഷയും പ്രവർത്തന സന്നദ്ധതയും ലക്ഷ്യമിട്ട് അന്താരാഷ്ട്ര നിലവാരത്തിലാണ് കേന്ദ്രം രൂപകൽപ്പന ചെയ്തിരിക്കുന്നത്. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ നേരിട്ടുള്ള പിന്തുണയോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യകളെ പിന്തുണയ്ക്കുന്നതിനും രാജ്യത്തിന്റെ ഡിജിറ്റൽ സേവനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും ഹെക്സഗൺ വലിയ പങ്ക് വഹിക്കുമെന്ന് അതോറിറ്റി പ്രസിഡന്റ് ഡോ. അബ്ദുല്ല ബിൻ ശറഫ് അൽഗാംദി പറഞ്ഞു. ടി.ഐ.എ 942 മാനദണ്ഡങ്ങൾ പാലിച്ചാണ് ഇതിന്റെ നിർമ്മാണം.
പരിസ്ഥിതി സൗഹൃദമായ 'ഗ്രീൻ ഡാറ്റാ സെന്റർ' എന്ന സവിശേഷതയും ഇതിനുണ്ട്. സ്മാർട്ട് കൂളിംഗ് സാങ്കേതികവിദ്യയും പുനരുപയോഗ ഊർജ്ജവും ഉപയോഗിക്കുന്നതിലൂടെ പ്രതിവർഷം 30,000 ടൺ കാർബൺ ഉദ്വമനം കുറയ്ക്കാൻ സാധിക്കും. സൗദിയുടെ ജി.ഡി.പിയിലേക്ക് ഏകദേശം 10.8 ബില്യൺ റിയാൽ സംഭാവന ചെയ്യാൻ ഈ പദ്ധതിക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. തറക്കല്ലിടൽ ചടങ്ങിൽ വാർത്താവിനിമയ-സാങ്കേതിക മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും മന്ത്രിമാരും പങ്കെടുത്തു.