യുഎഇ നിലപാടിൽ മാറ്റമില്ല; ഇറാൻ സംഘർഷത്തിനിടയിലെ പ്രചാരണങ്ങൾ തെറ്റാണെന്ന് വിദേശകാര്യ മന്ത്രാലയം
മേഖലയിൽ തുടരുന്ന ഇറാൻ സംഘർഷങ്ങൾക്കിടയിൽ യുഎഇയുടെ പ്രതിരോധ നിലപാടിൽ മാറ്റം വന്നുവെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ വിദേശകാര്യ മന്ത്രാലയം (MoFA) നിഷേധിച്ചു. രാജ്യത്തിന്റെ പരമാധികാരം, ജനങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ സംരക്ഷിക്കുന്നതിലാണ് തങ്ങളുടെ ശ്രദ്ധയെന്നും യുഎഇയുടെ നിലപാട് ഇപ്പോഴും പ്രതിരോധപരമാണെന്നും മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഇറാൻ നടത്തുന്ന നിയമവിരുദ്ധവും പ്രകോപനപരവുമായ ആക്രമണങ്ങൾക്കെതിരെ സ്വയം പ്രതിരോധിക്കാനുള്ള അവകാശം യുഎഇക്കുണ്ടെന്നും അദ്ദേഹം ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ ഓർമ്മിപ്പിച്ചു.
അഞ്ചാം വാരത്തിലേക്ക് കടക്കുന്ന പ്രാദേശിക യുദ്ധത്തിൽ ഗൾഫ് മേഖലയിലെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ നിരന്തരം ജാഗ്രതയിലാണ്. ഇറാനിൽ നിന്ന് വിക്ഷേപിക്കുന്ന ബാലിസ്റ്റിക് മിസൈലുകൾ, ഡ്രോണുകൾ, ക്രൂയിസ് മിസൈലുകൾ എന്നിവയെ പ്രതിരോധിക്കാൻ യുഎഇ ഉൾപ്പെടെയുള്ള ജിസിസി രാജ്യങ്ങൾ സജ്ജമാണ്. യുഎഇയുടെ നിലപാട് മാറിയെന്ന തരത്തിലുള്ള വാർത്തകൾ തെറ്റിദ്ധാരണാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.