മഴയത്ത് ട്രാഫിക് കുരുക്കിൽ പെടില്ല; വെള്ളക്കെട്ടിനെക്കുറിച്ച് തത്സമയ മുന്നറിയിപ്പുമായി ദുബായ് ആർ.ടി.എ
കനത്ത മഴ പെയ്യുമ്പോൾ റോഡുകളിലെ വെള്ളക്കെട്ടിനെക്കുറിച്ച് ഡ്രൈവർമാർക്ക് തത്സമയ മുന്നറിയിപ്പുകൾ (Real-time Alerts) നൽകുന്ന പുതിയ സംവിധാനം ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) സജ്ജമാക്കി. മഴക്കെടുതികൾ മൂലമുണ്ടാകുന്ന ഗതാഗത തടസ്സങ്ങൾ കുറയ്ക്കാനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനുമാണ് ഈ നൂതന സംവിധാനം നടപ്പിലാക്കുന്നത്. നഗരത്തിലെ വെള്ളക്കെട്ടുകൾ കൃത്യമായി നിരീക്ഷിക്കുന്നതിനായി ഫീൽഡ് ടീമുകളെയും സ്മാർട്ട് സിസ്റ്റങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള ഏകീകൃത കമ്മ്യൂണിക്കേഷൻ പ്ലാറ്റ്‌ഫോമാണ് ആർ.ടി.എ ഇതിനായി ഒരുക്കിയിരിക്കുന്നത്.
കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായ ശക്തമായ മഴയും പ്രളയസാഹചര്യങ്ങളും പഠനവിധേയമാക്കിയാണ് അപകടസാധ്യതയുള്ള മേഖലകൾ ആർ.ടി.എ തിരിച്ചറിഞ്ഞത്. പുതിയ സംവിധാനം വഴി ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് ഏറ്റവും വേഗത്തിൽ തീരുമാനങ്ങൾ എടുക്കാനും ഡ്രൈവർമാരെ അപകടകരമായ സാഹചര്യങ്ങളെക്കുറിച്ച് മുൻകൂട്ടി അറിയിക്കാനും സാധിക്കുമെന്ന് എന്റർപ്രൈസ് കമാൻഡ് ആൻഡ് കൺട്രോൾ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ മുഹമ്മദ് അൽ അലി വ്യക്തമാക്കി. സുരക്ഷ മുൻനിർത്തി അത്യന്താപേക്ഷിതമായ സാഹചര്യങ്ങളിൽ മാത്രമേ റോഡുകൾ പൂർണ്ണമായി അടയ്ക്കൂ എന്നും അത്തരം സന്ദർഭങ്ങളിൽ ഡ്രൈവർമാരെ ബദൽ പാതകളിലേക്ക് ഉടൻ തന്നെ തിരിച്ചുവിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദുബായ് നഗരത്തെ വിവിധ സോണുകളായി തിരിച്ചാണ് മഴക്കാല പ്രതിരോധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ഓരോ സോണിനുമായി പ്രത്യേകം ടീമുകളെ നിയോഗിച്ചിട്ടുണ്ട്. 500 ടാങ്കറുകൾ, 380 പമ്പിംഗ് യൂണിറ്റുകൾ, 100 എമർജൻസി വാഹനങ്ങൾ, 1300 സാങ്കേതിക വിദഗ്ധർ എന്നിവരടങ്ങുന്ന വിപുലമായ സന്നാഹമാണ് സജ്ജമാക്കിയിരിക്കുന്നത്. 2024 ഏപ്രിലിലുണ്ടായ റെക്കോർഡ് മഴയ്ക്ക് ശേഷമാണ് ഇത്തരമൊരു സമഗ്രമായ മാറ്റം ആർ.ടി.എ കൊണ്ടുവന്നത്. ഇതിന് പുറമെ ദുബായ് മെട്രോ സ്റ്റേഷനുകളിൽ വെള്ളം കയറുന്നത് തടയാൻ പ്രത്യേക സംരക്ഷണ കവചങ്ങളും (Protective Barriers) സ്ഥാപിച്ചിട്ടുണ്ട്.
ദുബായ് പോലീസ്, സിവിൽ ഡിഫൻസ്, ആംബുലൻസ് വിഭാഗം എന്നിവരുമായി ഏകോപിപ്പിച്ചാണ് 'ജോയിന്റ് വെതർ കണ്ടീഷൻസ് കമാൻഡ് റൂം' പ്രവർത്തിക്കുന്നത്. വരും ദിവസങ്ങളിൽ മഴയും ശക്തമായ കാറ്റും തുടരാൻ സാധ്യതയുള്ളതിനാൽ ഡ്രൈവർമാർ അതീവ ജാഗ്രത പാലിക്കണമെന്ന് ആർ.ടി.എ നിർദ്ദേശിച്ചു. യാത്രകൾ മുൻകൂട്ടി പ്ലാൻ ചെയ്യണമെന്നും റോഡിലെ സാഹചര്യങ്ങൾക്കനുസരിച്ച് വേഗത നിയന്ത്രിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു. 2040 ആകുമ്പോഴേക്കും 30 ലക്ഷം ജനങ്ങളെ ഉൾക്കൊള്ളാൻ പാകത്തിലുള്ള ദീർഘകാല പ്രളയ പ്രതിരോധ അടിസ്ഥാന സൗകര്യ വികസനവും ദുബായ് ലക്ഷ്യമിടുന്നുണ്ട്.