'ഞാൻ പിന്തുണച്ചതോടെ കാര്യങ്ങൾ മാറിമറിഞ്ഞു'; നെതന്യാഹുവിന്റെ മുന്നേറ്റത്തിൽ അവകാശവാദവുമായി ട്രംപ്
ഇസ്രയേൽ പാർലമെന്റ് (ക്നെസെറ്റ്) തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ലീഡ് നിലയിൽ അവകാശവാദവുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. താൻ പരസ്യമായി പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ഇസ്രയേൽ തെരഞ്ഞെടുപ്പ് ചിത്രവും നെതന്യാഹുവിന്റെ സാദ്ധ്യതകളും ആകെ മാറിമറിഞ്ഞതെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അവകാശപ്പെട്ടു.
വോട്ടെണ്ണൽ 53 ശതമാനം പിന്നിട്ടപ്പോൾ നെതന്യാഹുവിന്റെ ലിക്യുഡ് പാർട്ടി 27 സീറ്റുകളിൽ ലീഡ് ചെയ്ത് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മുന്നേറുകയാണ്. ഗാഡി ഐസൻകോട്ടിന്റെ 'യഷാർ' പാർട്ടി 22 സീറ്റുകളുമായി തൊട്ടുപിന്നിലുണ്ട്. വോട്ടെടുപ്പിന് പിന്നാലെ അനുയായികളെ അഭിസംബോധന ചെയ്ത നെതന്യാഹു, തനിക്ക് കരുത്ത് പകർന്ന് ഒപ്പം നിന്നതിന് ദൈവത്തോടും ട്രംപിനോടും നന്ദി അറിയിച്ചു. ഇറാന്റെ ഭീഷണികളെ വച്ചുപൊറുപ്പിക്കില്ലെന്നും യു.എസിന്റെ സഹകരണത്തോടെ അവയെ പൂർണ്ണമായി തുടച്ചുനീക്കുമെന്നും നെതന്യാഹു പ്രഖ്യാപിച്ചു.