ലിവ ഫെസ്റ്റിവലിൽ ഇത്തവണയെത്തിയത് 7 ലക്ഷം സന്ദർശകർ
അബൂദബി എമിറേറ്റിലെ അൽ ദഫ്‌റ മേഖലയിൽ അരങ്ങേറിയ ലിവ ഇന്റർനാഷണൽ ഫെസ്റ്റിവലിൽ ഇത്തവണ റെക്കോർഡ് സന്ദർശകർ എത്തിയതായി അധികൃതർ. 2025 ഡിസംബർ 12 മുതൽ 2026 ജനുവരി 3 വരെ നീണ്ടുനിന്ന 23 ദിവസത്തെ മേളയിൽ ഏഴ് ലക്ഷത്തിലേറെ പേരാണ് എത്തിയത്. യുഎഇയിലെ ഏറ്റവും ഉയരം കൂടിയ മണൽത്തിട്ടയായ തൽ മുരീബ് കേന്ദ്രീകരിച്ച് നടന്ന ഈ ശൈത്യകാല വിനോദമേള, മോട്ടോർ സ്പോർട്സ് പ്രേമികൾക്കും കുടുംബങ്ങൾക്കും ഒരേപോലെ ആവേശകരമായ അനുഭവമാണ് സമ്മാനിച്ചത്.
അബൂദബി സാംസ്കാരിക-ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ സർക്കാർ ഏജൻസികളുടെയും സുരക്ഷാ വിഭാഗങ്ങളുടെയും സഹകരണത്തോടെയാണ് മേള സംഘടിപ്പിച്ചത്. അൽ ദഫ്‌റ മേഖലയുടെ പാരമ്പര്യവും സാംസ്കാരിക പൈതൃകവും ലോകത്തിന് പരിചയപ്പെടുത്തുന്നതിനായി നിരവധി പരമ്പരാഗത മത്സരങ്ങളും സാംസ്കാരിക പ്രദർശനങ്ങളും മേളയുടെ ഭാഗമായി ഒരുക്കിയിരുന്നു. സംഘാടന മികവ് കൊണ്ടും സന്ദർശകരുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായ ലിവ ഇന്റർനാഷണൽ ഫെസ്റ്റിവലിന്റെ അടുത്ത പതിപ്പ് 2026 ഡിസംബർ 11 മുതൽ 2027 ജനുവരി 2 വരെ നടക്കുമെന്നും സംഘാടകർ ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്.