യാത്ര മുടങ്ങിയവർക്ക് 15 ദിവസത്തിനകം പണം തിരികെ നൽകണം; കുവൈത്തിൽ നിയമം ലംഘിക്കുന്നവർക്ക് കനത്ത പിഴ

 

വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്ത് യാത്ര മുടങ്ങാനിടയായവർക്ക് ടിക്കറ്റ് തുകയും മറ്റ് ബുക്കിംഗ് നിരക്കുകളും തിരികെ നൽകുന്നതിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുമായി കുവൈത്ത് സിവിൽ ഏവിയേഷൻ അതോറിറ്റി. യാത്ര മുടങ്ങി 15 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ ടിക്കറ്റ് തുക, ഹോട്ടൽ ബുക്കിംഗ് ചാർജുകൾ എന്നിവ റീഫണ്ട് ചെയ്യണമെന്ന നിർദ്ദേശം പാലിക്കാത്ത ട്രാവൽ ഏജൻസികൾക്കും എയർലൈനുകൾക്കും പിഴ ചുമത്തിയതായി അതോറിറ്റി വ്യക്തമാക്കി.

അംഗീകൃത നിയമങ്ങളും സർക്കുലറുകളും ലംഘിക്കുന്നവർക്കെതിരെ പിഴ ചുമത്തിയതായി പരാതി പരിഹാര - ആർബിട്രേഷൻ കമ്മിറ്റി റിപ്പോർട്ടർ ഹമദ് അൽ അറാദ അറിയിച്ചു. കുവൈത്തിലെ വ്യോമഗതാഗത മേഖലയിലെ ചട്ടങ്ങൾക്കനുസൃതമായി റീഫണ്ട് നടപടികളിൽ യാത്രക്കാരുമായി സഹകരിക്കാൻ ട്രാവൽ സ്ഥാപനങ്ങൾ ബാധ്യസ്ഥരാണ്. ഇത് ഉറപ്പാക്കാൻ വിപണിയിൽ കർശന പരിശോധനകൾ നടന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മേഖലയിലെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് റദ്ദാക്കിയ വിമാനങ്ങളുടെ ടിക്കറ്റ് തുക തിരികെ നൽകാൻ കഴിഞ്ഞ മാസം തന്നെ സിവിൽ ഏവിയേഷൻ ഉത്തരവിട്ടിരുന്നു. ഉപയോഗിക്കാത്ത ഹോട്ടൽ ബുക്കിംഗുകൾ, കാർ വാടക, അധിക ലഗേജ് നിരക്കുകൾ, ഇൻഷുറൻസ് തുടങ്ങിയ എല്ലാ സേവനങ്ങളുടെയും തുക തിരികെ ലഭിക്കാൻ യാത്രക്കാർക്ക് അർഹതയുണ്ട്. പണം തിരികെ നൽകാൻ കാലതാമസം വരുത്തുന്നവർക്കെതിരെ വരും ദിവസങ്ങളിലും പരിശോധനയും നടപടികളും തുടരുമെന്ന് അധികൃതർ അറിയിച്ചു.