താമസവിസ കാലാവധി കഴിഞ്ഞവർക്ക് യു.എ.ഇ.യിലേക്ക് മടങ്ങാം; മാർച്ച് 31 വരെ ഇളവ്

 

താമസവിസയുടെ കാലാവധി കഴിഞ്ഞതിനെത്തുടർന്ന് വിദേശങ്ങളിൽ കുടുങ്ങിപ്പോയ താമസക്കാർക്ക് യു.എ.ഇ.യിലേക്ക് തിരിച്ചുവരാൻ അനുമതി നൽകി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP). കഴിഞ്ഞ ഫെബ്രുവരി 28-ന് ശേഷം വിസ കാലാവധി അവസാനിച്ചവർക്കാണ് ഈ മാസം 31-നകം രാജ്യത്തേക്ക് മടങ്ങിയെത്താൻ അവസരമൊരുക്കിയിരിക്കുന്നത്.

പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് വിവിധ രാജ്യങ്ങളിൽ വിമാനത്താവളങ്ങൾ അടച്ചതോടെ യാത്ര തടസ്സപ്പെട്ടവർക്ക് ആശ്വാസകരമാണ് ഈ തീരുമാനം. ഇത്തരത്തിൽ കുടുങ്ങിപ്പോയവർക്ക് തിരിച്ചുവരാൻ പുതിയ എൻട്രി പെർമിറ്റിനായി അപേക്ഷിക്കേണ്ടതില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഈ സേവനം പൂർണ്ണമായും സൗജന്യമായിരിക്കും. വിമാന സർവീസുകൾ പുനഃസ്ഥാപിക്കപ്പെടുന്ന മുറയ്ക്ക് നിശ്ചിത സമയപരിധിക്കുള്ളിൽ തന്നെ താമസക്കാർക്ക് യു.എ.ഇ.യിലേക്ക് മടങ്ങാം.

പ്രതിസന്ധി ഘട്ടത്തിൽ താമസക്കാരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും മാനുഷിക പരിഗണന മുൻനിർത്തിയുമാണ് ഐ.സി.പി.യുടെ ഈ നടപടി. വിസ കാലാവധി കഴിഞ്ഞതുമായി ബന്ധപ്പെട്ട മറ്റ് പിഴകളോ നിയമനടപടികളോ ഇല്ലാതെ തന്നെ ഇവർക്ക് പ്രവേശനം സാധ്യമാകും. യാത്രക്കാർ കൂടുതൽ വിവരങ്ങൾക്കായി അതത് വിമാനക്കമ്പനികളുമായോ ഐ.സി.പി. ഹെൽപ്പ് ലൈനുമായോ ബന്ധപ്പെടണമെന്ന് അധികൃതർ നിർദ്ദേശിച്ചു.