മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സൗകര്യമൊരുക്കണം; ജസീറ എയർവേസുമായി ചർച്ച നടത്തി ഇന്ത്യൻ അംബാസഡർ

 

വ്യോമപാതകൾ അടച്ചതിനെത്തുടർന്ന് യാത്ര തടസ്സപ്പെട്ട ഇന്ത്യൻ പൗരന്മാരുടെ സാഹചര്യം വിലയിരുത്തി കുവൈത്തിലെ ഇന്ത്യൻ എംബസി. ഇന്ത്യൻ സ്ഥാനപതി പരമിത ത്രിപാഠി ജസീറ എയർവേസ് പ്രതിനിധികളുമായി വീഡിയോ കോൺഫറൻസിലൂടെ ചർച്ച നടത്തി. ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് ആവശ്യമായ യാത്രാ സൗകര്യങ്ങൾ മുൻഗണനാക്രമത്തിൽ ഒരുക്കണമെന്ന് സ്ഥാനപതി ആവശ്യപ്പെട്ടു.

നിലവിലെ പ്രത്യേക സാഹചര്യത്തിൽ കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനാണ് എംബസി പ്രഥമ പരിഗണന നൽകുന്നതെന്ന് അധികൃതർ അറിയിച്ചു. പ്രവാസികൾക്ക് സഹായത്തിനായി എംബസിയുടെ ഹെൽപ്‌ലൈൻ നമ്പറിലോ ഇമെയിൽ വഴിയോ ബന്ധപ്പെടാവുന്നതാണ്. എംബസിയിലെ കോൺസുലാർ സേവനങ്ങൾ നിലവിൽ തടസ്സമില്ലാതെ തുടരുന്നുണ്ട്.

സഹായത്തിനായി ബന്ധപ്പെടാം:

  • ഹെൽപ്‌ലൈൻ നമ്പർ: 65501946
  • ഇമെയിൽ: community.kuwait@mea.gov.in