വ്യോമ സുരക്ഷയ്ക്ക് ഭീഷണി; ഇറാന്റെ ആക്രമണങ്ങൾക്കെതിരെ ഐസിഎഒയെ സമീപിച്ച് കുവൈത്ത്

 

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാന്റെ ഭാഗത്തുനിന്നുണ്ടാകുന്ന തുടർച്ചയായ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് കുവൈത്ത് സിവിൽ ഏവിയേഷൻ അതോറിറ്റി അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷന് (ICAO) കത്തയച്ചു. ഇത് മൂന്നാമത്തെ തവണയാണ് കുവൈത്ത് വിഷയത്തിൽ ഔദ്യോഗികമായി പ്രതിഷേധം അറിയിക്കുന്നത്. വിമാനത്താവളത്തിലെ റഡാർ സംവിധാനങ്ങളെ തകർക്കാൻ കഴിഞ്ഞ ദിവസം നടന്ന നീക്കത്തിന് പിന്നാലെയാണ് കുവൈത്തിന്റെ അടിയന്തര നടപടി. രാജ്യാന്തര വ്യോമഗതാഗത സുരക്ഷ അപകടത്തിലാക്കുന്ന ഇത്തരം ലംഘനങ്ങൾക്കെതിരെ ആഗോള സമൂഹം ശക്തമായി ഇടപെടണമെന്ന് കുവൈത്ത് ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിൽ വിമാനത്താവളത്തിലെ റഡാർ ഉപകരണങ്ങൾക്കും എയർ ട്രാഫിക് കൺട്രോൾ സംവിധാനങ്ങൾക്കും കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. ചിലർക്ക് പരിക്കേൽക്കാനിടയായ സാഹചര്യത്തിൽ, മുൻകരുതലെന്നോണം രാജ്യത്തെ വ്യോമഗതാഗതം കുവൈത്ത് ഭാഗികമായി തടസ്സപ്പെടുത്തിയിരുന്നു. പിന്നീട് സുരക്ഷാ ക്രമീകരണങ്ങൾ പൂർണ്ണമായി വിലയിരുത്തിയ ശേഷമാണ് വിമാന സർവീസുകൾ സാധാരണ നിലയിലേക്ക് മടക്കിക്കൊണ്ടുവന്നത്.

സിവിൽ ഏവിയേഷൻ മേഖലയിലെ അന്താരാഷ്ട്ര കരാറുകളുടെ നഗ്നമായ ലംഘനമാണ് ഇറാന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് കുവൈത്ത് പ്രതിഷേധക്കത്തിൽ വ്യക്തമാക്കുന്നു. വിമാന ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ ഈ ലംഘനങ്ങൾ ഔദ്യോഗികമായി രേഖപ്പെടുത്തണമെന്നും മേഖലയിലെ സമാധാനത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കുവൈത്ത് ആവശ്യപ്പെടുന്നു. രാജ്യാന്തര നിയമങ്ങൾ മുൻനിർത്തി രാജ്യത്തിന്റെ പരമാധികാരവും വ്യോമസുരക്ഷയും കാത്തുസൂക്ഷിക്കാൻ ഏതറ്റം വരെ പോകാനും തയ്യാറാണെന്ന് കുവൈത്ത് കൂട്ടിച്ചേർത്തു.