റിയാദിൽ മൂന്ന് പുതിയ പാലങ്ങൾ കൂടി വരുന്നു; പ്രതിദിന വാഹനശേഷി രണ്ട് ലക്ഷം കടക്കും

 

തലസ്ഥാന നഗരിയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി റിയാദിൽ മൂന്ന് പുതിയ പാലങ്ങൾ കൂടി നിർമ്മിക്കുന്നു. പ്രിൻസ് തുർക്കി ബിൻ അബ്ദുൽ അസീസ് അൽ അവ്വൽ റോഡും നോർത്തേൺ റിങ് റോഡും തമ്മിൽ ബന്ധിപ്പിക്കുന്ന ഇന്റർസെക്ഷനിലാണ് (കവല) പുതിയ പാലങ്ങൾ വരുന്നത്. നിർമ്മാണം പൂർത്തിയാകുന്നതോടെ ഈ റോഡിന്റെ വാഹനശേഷി പ്രതിദിനം രണ്ട് ലക്ഷത്തിലധികമായി വർദ്ധിക്കും.

പ്രിൻസ് തുർക്കി ബിൻ അബ്ദുൽ അസീസ് അൽ അവ്വൽ റോഡ് വികസന പദ്ധതിയുടെ (വടക്കൻ വിഭാഗം) ഭാഗമായാണ് ഈ നവീകരണം. റിയാദ് സിറ്റി റോയൽ കമ്മീഷനാണ് (RCRC) ഈ ബൃഹത്തായ പദ്ധതി നടപ്പാക്കുന്നത്. നിലവിൽ മൂന്ന് കിലോമീറ്ററിലധികം ദൂരത്തിലാണ് പ്രിൻസ് തുർക്കി റോഡിന്റെ വികസന ജോലികൾ പുരോഗമിക്കുന്നത്. പുതിയ പാലങ്ങൾ യാഥാർത്ഥ്യമാകുന്നതോടെ റിയാദിന്റെ വടക്കൻ മേഖലകളിലേക്കുള്ള യാത്രാസമയം ഗണ്യമായി കുറയുമെന്നും സുഗമമായ ഗതാഗതം സാധ്യമാകുമെന്നും അതോറിറ്റി വ്യക്തമാക്കി.