ഒമാനിൽ മൂന്ന് വാഹനങ്ങൾക്ക് തീപിടിച്ചു; ഒരാൾക്ക് പരിക്ക്
Nov 27, 2026, 13:16 IST
ഒമാനിലെ നോർത്ത് ബാത്തിന ഗവർണറേറ്റിൽ മൂന്ന് വാഹനങ്ങൾക്ക് തീപിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. മൈഹത്ത് ബനി കിയം മേഖലയിലെ എക്സ്പ്രസ് വേയിൽ രണ്ട് ട്രക്കുകൾക്കും മറ്റൊരു വാഹനത്തിനുമാണ് തീപിടിച്ചത്.
ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി സ്ഥലത്തെത്തി തീ പൂർണമായും നിയന്ത്രണവിധേയമാക്കി. വാഹനങ്ങൾ തണുപ്പിക്കുന്നതിനും അപകടസ്ഥലം സുരക്ഷിതമാക്കുന്നതിനുമുള്ള നടപടികൾ തുടരുകയാണ്.
സാരമല്ലാത്ത പരിക്കേറ്റ ഒരാളെ ആംബുലൻസ് സംഘം അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി. തീപിടിത്തത്തിന്റെ കാരണം അധികൃതർ വ്യക്തമാക്കിയിട്ടില്ല.