സൗദിയിൽ ഇടിമിന്നലോടെ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; ചിലയിടങ്ങളിൽ കടുത്ത ചൂടും തുടരും
Aug 8, 2026, 23:09 IST
സൗദി തലസ്ഥാനമായ റിയാദ് ഉൾപ്പെടെ ഏഴ് പ്രവിശ്യകളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) മുന്നറിയിപ്പ് നൽകി. ജിസാൻ, അസീർ പ്രവിശ്യകളിലെ ചില ഭാഗങ്ങളിൽ ആലിപ്പഴ വീഴ്ചയോടും ശക്തമായ കാറ്റോടും കൂടിയ കനത്ത മഴ പെയ്തേക്കാം. അൽ ബാഹ, മക്ക എന്നിവിടങ്ങളിലെ മലയോര മേഖലകളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കാണ് സാധ്യത.
അതേസമയം റിയാദിലും കിഴക്കൻ പ്രവിശ്യയിലും കടുത്ത ചൂട് തന്നെ തുടരുമെങ്കിലും, ഈ പ്രദേശങ്ങളുടെ തെക്കൻ ഭാഗങ്ങളിലും നജ്‌റാൻ പ്രവിശ്യയിലും കാറ്റോടു കൂടിയ മഴമേഘങ്ങൾ രൂപപ്പെട്ടേക്കാം.
കൂടാതെ മക്ക, മദീന മേഖലകളിൽ അന്തരീക്ഷത്തിൽ പൊടിയുയർത്തുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും ഇതിന്റെ പ്രഭാവം ഹാഇൽ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നു.