സൗദിയിൽ ഇടിമിന്നലോടെ മഴക്ക് സാധ്യത; ജാഗ്രതാ നിർദേശവുമായി സിവിൽ ഡിഫൻസ്

 

സൗദിയുടെ വിവിധ ഭാഗങ്ങളിൽ വെള്ളിയാഴ്ച മുതൽ ചൊവ്വാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇതിനെ തുടർന്ന് ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് നിർദേശം നൽകി.

റിയാദ്, മക്ക മേഖലകളിൽ മിതമായതോ ശക്തമായതോ ആയ മഴ ലഭിക്കാൻ സാധ്യതയുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ മിന്നൽപ്രളയം, ആലിപ്പഴ വർഷം, ശക്തമായ കാറ്റ് എന്നിവയ്ക്കും സാധ്യത പ്രവചിക്കപ്പെടുന്നു. റിയാദ് പ്രവിശ്യയിലെ അഫീഫ്, അൽ ദവാദ്മി, ശഖ്റ, താദിഖ്, അൽ ഗാത്ത്, അൽ സുൽഫി, അൽ മജ്മഅ, റുമാഹ്, മറാത്ത് എന്നിവിടങ്ങളിൽ മഴ കനത്തേക്കും. റിയാദ് നഗരം, അൽ ഖുവയ്യ, അൽ റെയ്ൻ, ദുർമ, അൽ ഹരീഖ്, അൽ ഖർജ് എന്നിവിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കാണ് സാധ്യത. ഇതുകൂടാതെ ജിസാൻ, അസീർ, അൽ ബാഹ, മദീന, ഹാഇൽ, ഖസീം, അൽ ജൗഫ്, നോർത്തേൺ ബോർഡേഴ്‌സ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലും കനത്ത മഴ പെയ്തേക്കാം.

മലവെള്ളപ്പാച്ചിലിന് സാധ്യതയുള്ള താഴ്‌വരകളിൽ നിന്നും താഴ്ന്ന പ്രദേശങ്ങളിൽ നിന്നും വെള്ളക്കെട്ടുകളിൽ നിന്നും ജനങ്ങൾ വിട്ടുനിൽക്കണമെന്ന് സിവിൽ ഡിഫൻസ് ആവർത്തിച്ച് നിർദേശിച്ചു. മഴവെള്ളത്തിൽ നീന്താൻ ഇറങ്ങരുത്. ഔദ്യോഗിക മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയ വഴി നൽകുന്ന സുരക്ഷാ നിർദേശങ്ങളും നിർബന്ധമായും പാലിക്കണമെന്നും അധികൃതർ അറിയിച്ചു.