സൗദിയിൽ നാല് പ്രവിശ്യകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

 

സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളിൽ ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മഴയോടൊപ്പം ആലിപ്പഴ വർഷത്തിനും ശക്തമായ കാറ്റിനും, താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

ജിസാൻ, അസീർ, അൽ-ബാഹ, മക്ക എന്നീ നാല് പ്രവിശ്യകളുടെ വിവിധ ഭാഗങ്ങളിലാണ് മഴ പ്രതീക്ഷിക്കുന്നത്. ഇതിൽ ജിസാൻ മേഖലയിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്. ഈ പ്രവിശ്യകളുടെ ചില ഭാഗങ്ങളിലും കിഴക്കൻ പ്രവിശ്യയുടെ തീരദേശ മേഖലകളിലും മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

അന്തരീക്ഷസ്ഥിതിയുടെ ഭാഗമായി വടക്കുപടിഞ്ഞാറ് മുതൽ വടക്ക് ദിശയിലേക്ക് മണിക്കൂറിൽ 18 മുതൽ 38 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. എന്നാൽ അഖബ ഉൾക്കടലിന് നേരെ കാറ്റിന്റെ വേഗത മണിക്കൂറിൽ 52 കിലോമീറ്റർ വരെ ഉയരാൻ ഇടയുണ്ട്. പൊതുവെ 10 മുതൽ 35 കിലോമീറ്റർ വരെ വേഗതയിലായിരിക്കും കാറ്റ് വീശുക. അതേസമയം, ഇടിമിന്നലോടുകൂടിയ മഴമേഘങ്ങൾ രൂപപ്പെടുന്നതോടെ കാറ്റിന്റെ വേഗത മണിക്കൂറിൽ 50 കിലോമീറ്ററിലധികം ആയി വർധിക്കാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം നിർദേശിച്ചു.