ഒമാനിലെ വിവിധയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത; സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ്
Aug 14, 2026, 19:01 IST
ഒമാന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട മഴക്കും ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിച്ചു. ചില പ്രദേശങ്ങളിൽ പൊടിക്കാറ്റും താഴ്ന്ന മേഘങ്ങളും കാരണം കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.
ധോഫാർ തീരങ്ങളിലും മലയോര മേഖലകളിലും ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ഇടവിട്ടുള്ള ചാറ്റൽമഴക്കൊപ്പം മലനിരകളിൽ ഒറ്റപ്പെട്ട മഴ ലഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെങ്കിലും ഉയർന്ന മേഘങ്ങൾ പ്രത്യക്ഷപ്പെടാൻ സാധ്യതയുണ്ട്. ഉച്ചയ്ക്ക് ശേഷം അൽ ഹജർ പർവതനിരകളുടെ ചില ഭാഗങ്ങളിൽ പ്രാദേശികമായി മഴമേഘങ്ങൾ രൂപപ്പെടുന്നതിനെത്തുടർന്ന് ഒറ്റപ്പെട്ട മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ റിപ്പോർട്ടിൽ പറയുന്നു.