സൗദിയിൽ ഞായറാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ പ്രവിശ്യകളിൽ ജാഗ്രതാ നിർദ്ദേശം
സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് മുതൽ ഞായറാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. മക്ക, അൽ ബഹ, അസീർ, ജിസാൻ, നജ്‌റാൻ, റിയാദ്, അൽ ഖസീം, കിഴക്കൻ പ്രവിശ്യ, വടക്കൻ അതിർത്തി പ്രദേശങ്ങൾ, അൽ ജൗഫ്, ഹാഇൽ എന്നീ മേഖലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. കിഴക്കൻ പ്രവിശ്യയിലും മലയോര മേഖലകളായ അസീർ, ജിസാൻ എന്നിവിടങ്ങളിലും സൗദി കാലാവസ്ഥാ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കനത്ത മഴയെത്തുടർന്ന് ശക്തമായ വെള്ളപ്പൊക്കത്തിനും കാറ്റിനും സാധ്യതയുണ്ടെന്നും ഇത് ദൂരക്കാഴ്ച കുറയ്ക്കാൻ കാരണമാകുമെന്നും അധികൃതർ അറിയിച്ചു. ചിലയിടങ്ങളിൽ ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്. കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ വാദികൾ മുറിച്ചുകടക്കാനോ വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലേക്ക് പോകാനോ പാടില്ലെന്ന് സിവിൽ ഡിഫൻസ് കർശന നിർദ്ദേശം നൽകി. പൊടിക്കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ വാഹനയാത്രികർ പ്രത്യേകം ശ്രദ്ധിക്കണം.
കാലാവസ്ഥാ വ്യതിയാനം കണക്കിലെടുത്ത് പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക വൃത്തങ്ങളിൽ നിന്നുള്ള നിർദ്ദേശങ്ങൾ കൃത്യമായി പിന്തുടരണമെന്നും അധികൃതർ ആവശ്യപ്പെട്ടു. അടിയന്തര സാഹചര്യങ്ങളിൽ സഹായത്തിനായി സിവിൽ ഡിഫൻസിനെ ബന്ധപ്പെടാവുന്നതാണ്. പ്രവാസികൾ ഉൾപ്പെടെയുള്ളവർ താമസസ്ഥലങ്ങളിൽ സുരക്ഷിതരായിരിക്കാൻ ശ്രദ്ധിക്കണമെന്നും അറിയിപ്പിൽ പറയുന്നു.