സൗദിയിൽ അടുത്ത ആഴ്ച അവസാനം വരെ ഇടിമിന്നലോടു കൂടിയ മഴ തുടരും; ജാഗ്രതാ മുന്നറിയിപ്പ്

 

സൗദി അറേബ്യയിലെ വിവിധ മേഖലകളിൽ അടുത്ത ആഴ്ച അവസാനം വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു. വെള്ളിയാഴ്ച പുലർച്ചെ മുതൽ നജ്റാന്റെ കിഴക്കൻ ഭാഗങ്ങളിലും കിഴക്കൻ പ്രവിശ്യയുടെ തെക്കൻ മേഖലകളിലും നേരിയതോ മിതമായതോ ആയ മഴ ലഭിക്കും. വൈകുന്നേരത്തോടെ അസീർ, ജിസാൻ, മക്ക മേഖലകളുടെ തെക്കുപടിഞ്ഞാറൻ തീരപ്രദേശങ്ങളിലേക്ക് മഴ വ്യാപിക്കും.

ശനിയാഴ്ച മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയുടെ വ്യാപ്തി വർധിക്കും. ജിസാൻ, അസീർ, മക്കയിലെ തായിഫ് എന്നിവിടങ്ങളിലും റിയാദ്, ഖസീം അതിർത്തി പ്രദേശങ്ങളിലും ശനിയാഴ്ച മിതമായ മഴ ലഭിക്കും. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം കിഴക്കൻ ജിസാൻ, തെക്കൻ അസീർ മേഖലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തിങ്കൾ, ചൊവ്വ ദിവസങ്ങളിലും കിഴക്കൻ പ്രവിശ്യ, റിയാദ്, നജ്റാൻ, അൽ-ബാഹ എന്നിവിടങ്ങളിൽ ഇടയ്ക്കിടെ മഴ തുടരും.

ബുധൻ, വ്യാഴം ദിവസങ്ങളിലും അസീർ, ജിസാൻ, അൽ-ബാഹ മേഖലകളിൽ ശക്തമായ മഴ ലഭിക്കുമെങ്കിലും വൈകുന്നേരത്തോടെ തീവ്രത കുറയും. അടുത്ത വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷവും ഈ മേഖലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.