പാവപ്പെട്ടവരെ നിന്ദിക്കുന്നത് ദൈവത്തെ നിന്ദിക്കുന്നതിന് തുല്യം; ക്രിസ്മസ് സന്ദേശവുമായി ലിയോ മാർപ്പാപ്പ

 

സ്നേഹത്തിന്റെയും പ്രത്യാശയുടെയും സന്ദേശവുമായി ലോകമെമ്പാടും ക്രിസ്മസ് ആഘോഷിക്കുമ്പോൾ, വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ വിശ്വാസി സമൂഹത്തെ അഭിസംബോധന ചെയ്ത് ലിയോ മാർപ്പാപ്പ. പാവപ്പെട്ടവരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും ചേർത്തുനിർത്തേണ്ടതിന്റെ ആവശ്യകതയാണ് ക്രിസ്മസ് നൽകുന്ന വലിയ പാഠമെന്ന് മാർപ്പാപ്പ ഓർമ്മിപ്പിച്ചു. ലിയോ പതിനാലാമൻ മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ആദ്യത്തെ ക്രിസ്മസ് സന്ദേശമാണിത്.

"പാവപ്പെട്ടവരെ നിന്ദിക്കുന്നത് ദൈവത്തെ നിന്ദിക്കുന്നതിന് തുല്യമാണ്. യേശുക്രിസ്തു എന്തുകൊണ്ടാണ് ഒരു കാലിത്തൊഴുത്തിൽ ജനിച്ചത് എന്ന് ചിന്തിച്ചാൽ, ദൈവം എല്ലായിടത്തും ഉണ്ടെന്ന് നമുക്ക് മനസ്സിലാകും. കുടിയേറ്റക്കാരെയും ദരിദ്രരെയും നാം ചേർത്തുനിർത്തണം. മനുഷ്യരെ പരിഗണിക്കാത്തവർ ദൈവത്തെയും പരിഗണിക്കുന്നില്ല," മാർപ്പാപ്പ വിശ്വാസികളോട് പറഞ്ഞു.

മഴയെ അവഗണിച്ച് അയ്യായിരത്തോളം വിശ്വാസികളാണ് മാർപ്പാപ്പയുടെ സന്ദേശം ശ്രവിക്കാൻ വത്തിക്കാനിൽ ഒത്തുകൂടിയത്. സമാധാനത്തിന്റെയും കരുണയുടെയും പ്രത്യാശയുടെയും പാതയിൽ സഞ്ചരിക്കാൻ ലോകമെമ്പാടുമുള്ള വിശ്വാസികളോട് അദ്ദേഹം ആഹ്വാനം ചെയ്തു. പാവപ്പെട്ടവരോടുള്ള കരുണയാണ് യഥാർത്ഥ ക്രിസ്മസ് ആഘോഷമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.