ഇന്ന് യുഎഇ ദേശീയ ദിനം, രാജ്യമെങ്ങും വിപുലമായ ആഘോഷ പരിപാടികൾ, പൊതു അവധി
യുഎഇ ഇന്ന് 54-ാമത് ദേശീയ ദിനം ആഘോഷിക്കുന്നു. ദേശീയ ദിനാഘോഷത്തിൻ്റെ ഭാഗമായി രാജ്യത്ത് രണ്ട് ദിവസം പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യമെങ്ങും ദേശീയ ഐക്യവും കൂട്ടായ്മയുടെ കരുത്തും പ്രതിഫലിക്കുന്ന വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.
ദേശീയ ഐക്യം വിളിച്ചോതുന്ന വർണ്ണങ്ങളിൽ നഗരവീഥികൾ അലങ്കരിച്ചിട്ടുണ്ട്. 54 വർഷത്തെ അടയാളപ്പെടുത്തുന്ന 54 രൂപങ്ങൾ അബുദാബി കോർണിഷ്, അൽ മഖ്ത പാലം തുടങ്ങി പ്രധാന റോഡുകളിലും പാലങ്ങളിലും സ്ഥാപിച്ചിരിക്കുന്നു. അബുദാബി കോർണിഷ് സ്ട്രീറ്റ്, അൽ ഖലീജ് അൽ അറബി സ്ട്രീറ്റ്, ശൈഖ് സായിദ് സ്ട്രീറ്റ്, കിങ് അബ്ദുല്ല സ്ട്രീറ്റ്, ദുബായ് ശൈഖ് സായിദ് റോഡ്, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, ഷാർജ ഇത്തിഹാദ് റോഡ് തുടങ്ങി വിവിധ എമിറേറ്റുകളിലെ പ്രധാന ഹൈവേകളും കേന്ദ്രങ്ങളും ആഘോഷത്തിനായി അണിഞ്ഞൊരുങ്ങി.
കെ.എം.സി.സി., ഇന്ത്യൻ അസോസിയേഷൻ ഷാർജ, ഓർമ തുടങ്ങിയ പ്രമുഖ പ്രവാസി സംഘടനകളും യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ച് വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.
ഈ വർഷം യുഎഇ ദേശീയ ദിനം ഈദ് അൽ ഇത്തിഹാദ് എന്ന പേരിലാണ് ആഘോഷിക്കപ്പെടുന്നത്. അന്തരിച്ച ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ്റെ നേതൃത്വത്തിൽ 1971 ഡിസംബർ 2 ന് ഏഴ് എമിറേറ്റുകൾ ഒന്നിച്ചതിൻ്റെ ഓർമ്മ പുതുക്കലാണ് ഈദ് അൽ ഇത്തിഹാദ്. ഈ വർഷത്തെ രാജ്യവ്യാപക ആഘോഷങ്ങളുടെ തീം 'യുണൈറ്റഡ്' എന്നതാണ്.
ഇന്ന് യുഎഇയിലുടനീളമുള്ള വേദികളിൽ ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങളും ഔദ്യോഗിക ചടങ്ങുകളും തത്സമയം കാണാൻ സാധിക്കും. ദുബായിലെ അൽ ഖവാനീജ്, ഗ്ലോബൽ വില്ലേജ്, ദുബായ് ഫെസ്റ്റിവൽ സിറ്റി മാൾ എന്നിവിടങ്ങളിൽ ചടങ്ങ് കാണാൻ ആളുകൾക്ക് ഒത്തുചേരാം. ദുബായ് ഫെസ്റ്റിവൽ സിറ്റി മാളിലെ ഫെസ്റ്റിവൽ ബേയിൽ എമിറാത്തി ഗായികയും നടിയുമായ ബൽഖീസ് ലൈവ് കൺസേർട്ട് അവതരിപ്പിക്കും.