തോഷാഖാന കേസ്: ഇമ്രാൻ ഖാനും ഭാര്യയ്ക്കും 17 വർഷം കഠിനതടവ്
തോഷാഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഭാര്യ ബുഷ്റ ബീബിക്കും കോടതി 17 വർഷം തടവ് ശിക്ഷ വിധിച്ചു. റാവൽപിണ്ടിയിലെ അതീവ സുരക്ഷാ ജയിലിൽ വെച്ച് നടന്ന വിചാരണയ്ക്കൊടുവിൽ പ്രത്യേക കോടതി ജഡ്ജി ഷാരൂഖ് അർജുമന്ദ് ആണ് ഈ വിധി പുറപ്പെടുവിച്ചത്.
പാക് ശിക്ഷാ നിയമത്തിലെ 409-ാം വകുപ്പ് പ്രകാരം 10 വർഷത്തെ കഠിന തടവിനും, അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം 7 വർഷത്തെ തടവിനുമാണ് ദമ്പതികളെ കോടതി ശിക്ഷിച്ചത്. തടവ് ശിക്ഷയ്ക്ക് പുറമെ ഇരുവരും പത്ത് ദശലക്ഷം രൂപ വീതം പിഴയൊടുക്കണമെന്നും കോടതി ഉത്തരവിട്ടു. 2021-ൽ ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയായിരിക്കെ സൗദി അറേബ്യൻ സർക്കാരിൽ നിന്ന് ലഭിച്ച ഔദ്യോഗിക സമ്മാനങ്ങളിൽ തട്ടിപ്പ് നടത്തിയെന്നതാണ് കേസിനാസ്പദമായ സംഭവം.
സൗദി കിരീടാവകാശി ഇമ്രാൻ ഖാന് സമ്മാനിച്ച വിലയേറിയ 'ബൾഗാരി' ഡയമണ്ട് ജ്വല്ലറി സെറ്റാണ് ഈ നിയമനടപടികളിലേക്ക് നയിച്ചത്. പാകിസ്ഥാനിലെ നിയമമനുസരിച്ച് ഭരണാധികാരികൾക്ക് ലഭിക്കുന്ന വിലപിടിപ്പുള്ള സമ്മാനങ്ങൾ 'തോഷാഖാന' എന്ന സർക്കാർ ഖജനാവിലേക്ക് കൈമാറണം. ഇത്തരം സമ്മാനങ്ങൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിന്റെ വിപണി മൂല്യത്തിന്റെ നിശ്ചിത ശതമാനം തുക സർക്കാരിലേക്ക് മുൻകൂട്ടി അടയ്ക്കേണ്ടതുണ്ട്. എന്നാൽ ഈ ആഭരണ സെറ്റിന്റെ യഥാർത്ഥ വില മറച്ചുവെച്ച് വളരെ ചെറിയ തുക മാത്രം ഖജനാവിലടച്ച് ഇമ്രാനും ഭാര്യയും ഇത് സ്വന്തമാക്കിയെന്നാണ് കോടതി കണ്ടെത്തിയത്.