സൗദി അറേബ്യയിൽ ടൂറിസം ചട്ടങ്ങൾ പുതുക്കി; യാത്രാ-ഹോസ്പിറ്റാലിറ്റി മേഖലകളിൽ വൻ പരിഷ്കാരം

 

യാത്രാ-വിനോദസഞ്ചാര സേവനങ്ങൾ, ടൂറിസ്റ്റ് ഗൈഡുകൾ, ഹോസ്പിറ്റാലിറ്റി സൗകര്യങ്ങൾ, സ്വകാര്യ ഹോസ്പിറ്റാലിറ്റി യൂണിറ്റുകൾ എന്നിവയുമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ സൗദി ടൂറിസം മന്ത്രാലയം സമഗ്രമായ പരിഷ്കാരം വരുത്തി. 'യാത്രാ-വിനോദസഞ്ചാര സേവന ചട്ടം' ലൈസൻസിങ് വിഭാഗങ്ങൾ പുനഃസംഘടിപ്പിച്ചതോടെ ഈ മേഖലയിലെ സേവനങ്ങളുടെ വ്യാപ്തി വർധിക്കും.

പുതിയ 'ടൂറിസ്റ്റ് ഗൈഡ് ചട്ട' പ്രകാരം ലൈസൻസിങ് വിഭാഗങ്ങൾ കൂടുതൽ ലളിതമാക്കിയിട്ടുണ്ട്. ഇനി മുതൽ ഗൈഡുകൾക്ക് ഒന്നിലധികം മേഖലകളിലും പ്രത്യേക വിഭാഗങ്ങളിലും പ്രവർത്തിക്കാനാകും. ഇവരുടെ ലൈസൻസ് നൽകുന്നതിനും പുതുക്കുന്നതിനുമുള്ള വ്യവസ്ഥകൾ പരിഷ്കരിച്ചതിനൊപ്പം വിനോദസഞ്ചാരികളുമായി നേരിട്ട് കരാറിലേർപ്പെടാനും ബുക്കിങ് രേഖകൾ നൽകാനും ഗൈഡുകൾക്ക് അനുമതി നൽകി. എന്നാൽ വില, പണമടയ്ക്കൽ, റദ്ദാക്കൽ, റീഫണ്ട് നയങ്ങൾ എന്നിവ സുതാര്യമായി വ്യക്തമാക്കണമെന്ന നിബന്ധനയുണ്ട്.

ഹോസ്പിറ്റാലിറ്റി മേഖലയിൽ ലൈസൻസിങ്, വർഗ്ഗീകരണം, പ്രവർത്തന നടപടിക്രമങ്ങൾ എന്നിവയ്ക്കൊപ്പം ഓൺലൈൻ മാർക്കറ്റിങ്, റിസർവേഷൻ സംവിധാനങ്ങൾ എന്നിവയെയും പുതിയ ചട്ടങ്ങൾക്ക് കീഴിൽ കൊണ്ടുവന്നു. സെക്യൂരിറ്റി വ്യവസ്ഥകൾ, ജീവനക്കാരുടെ യോഗ്യത, ഇലക്ട്രോണിക് സംവിധാനങ്ങളുടെ ഏകോപനം എന്നിവ കൂടുതൽ കർശനമാക്കിയിട്ടുണ്ട്. കൂടാതെ സ്വകാര്യ ഹോസ്പിറ്റാലിറ്റി യൂണിറ്റുകൾക്ക് നൽകിയിരുന്ന താൽക്കാലിക പെർമിറ്റ് സംവിധാനം മാറ്റി പൂർണതോതിലുള്ള ലൈസൻസിങ് രീതി നിലവിൽ വരുത്തുകയും അപേക്ഷാ വ്യവസ്ഥകൾ പരിഷ്കരിക്കുകയും ചെയ്തു.