ദുബൈയിൽ രണ്ട് പ്രധാന റോഡുകളിൽ വാഹനാപകടം; അബുദബി ഭാഗത്തേക്കുള്ള യാത്രക്കാർക്ക് മുന്നറിയിപ്പ്

 

അബൂദബി ഭാഗത്തേക്കുള്ള ദുബൈയിലെ രണ്ട് പ്രധാന റോഡുകളിൽ ഇന്ന് രാവിലെയുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളെ തുടർന്ന് ഗതാഗത തടസ്സം നേരിട്ടു. ശൈഖ് സായിദ് റോഡിലും ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിലുമാണ് ഇന്ന് രാവിലെയുണ്ടായ അപകടങ്ങൾ ഗതാഗതത്തെ ബാധിച്ചത്. ദുബൈ പൊലീസാണ് ഇക്കാര്യം അറിയിച്ചത്.

രാവിലെ 7.38നാണ് ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ ആദ്യ അപകടം റിപ്പോർട്ട് ചെയ്തത്. തുടർന്ന് 8.25ഓടെ ശൈഖ് സായിദ് റോഡിൽ അബുദബി ദിശയിൽ ഉമ്മു സുഖൈം സ്ട്രീറ്റ് എക്സിറ്റിന് തൊട്ടുമുമ്പായി രണ്ടാമത്തെ അപകടവുമുണ്ടായി.

അപകടബാധിത മേഖലകളിലൂടെ കടന്നുപോകുന്നവർ വേഗത കുറച്ച് അതീവ ജാഗ്രതയോടെ വാഹനമോടിക്കണമെന്ന് പൊലീസ് നിർദേശിച്ചു. ലെയിൻ മാറുന്നതിന് മുമ്പ് ഇൻഡിക്കേറ്റർ ഉപയോഗിക്കണമെന്നും പെട്ടെന്നുള്ള ലെയിൻ മാറ്റങ്ങൾ ഒഴിവാക്കണമെന്നും മുന്നറിയിപ്പ് നൽകി.

മുന്നിലുള്ള വാഹനങ്ങളുമായി കൃത്യമായ അകലം പാലിക്കണമെന്നും അശ്രദ്ധമായ ഡ്രൈവിങ് ഒഴിവാക്കണമെന്നും പൊലീസ് ഓർമിപ്പിച്ചു. അബുദബി ഭാഗത്തേക്ക് യാത്ര ചെയ്യുന്നവർ ഗതാഗത സാഹചര്യം കണക്കിലെടുത്ത് യാത്ര മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്നും അധികൃതർ അഭ്യർഥിച്ചു.