ഗോൾഡ് സൂക്കിൽ ട്രാഫിക് പരിശോധന; 408 ഇ-സ്‌കൂട്ടറുകളും സൈക്കിളുകളും കസ്റ്റഡിയിൽ

 

ദുബൈ നായിഫിലെ ഗോൾഡ് സൂക്ക് പരിസരത്ത് ട്രാഫിക് സുരക്ഷാ കാമ്പയിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ നിയമലംഘനം നടത്തിയ 408 ഇ-സ്‌കൂട്ടറുകളും സൈക്കിളുകളും ദുബൈ പോലീസ് പിടിച്ചെടുത്തു. നായിഫ് പോലീസ് സ്റ്റേഷനും ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക്കും സംയുക്തമായി നടത്തിയ പരിശോധനയിൽ 300 ഇലക്ട്രിക് സ്‌കൂട്ടറുകൾ, 50 ഇലക്ട്രിക് സൈക്കിളുകൾ, 58 സാധാരണ സൈക്കിളുകൾ എന്നിവയാണ് കസ്റ്റഡിയിലെടുത്തത്.

സുരക്ഷിതമല്ലാത്ത രീതിയിൽ വാഹനമോടിച്ചവർക്കെതിരെ നടപടി സ്വീകരിച്ച പോലീസ് 932 പേർക്ക് സുരക്ഷാ ബോധവൽക്കരണവും നൽകി. അനുവദിക്കപ്പെട്ട പാതകൾ മാത്രം ഉപയോഗിക്കണമെന്നും ഹെൽമെറ്റ് ഉൾപ്പെടെയുള്ള വ്യക്തിഗത സുരക്ഷാ ഉപകരണങ്ങൾ നിർബന്ധമായും ധരിക്കണമെന്നും നായിഫ് പോലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ ഉമർ മൂസ ആശൂർ ഓർമ്മിപ്പിച്ചു.