മലീഹ റോഡിലെ കുരുക്കഴിയും; 14 കോടി ദിർഹം ചെലവിൽ പുതിയ പാലം വരുന്നു
ഷാർജയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ശൈഖ് ഖലീഫ ബിൻ സായിദ് റോഡിനെയും മലീഹ റോഡിനെയും ബന്ധിപ്പിക്കുന്ന പുതിയ പാലം വരുന്നു. 14 കോടി ദിർഹം ചെലവ് പ്രതീക്ഷിക്കുന്ന ഈ ബൃഹത്തായ പദ്ധതിക്ക് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അംഗീകാരം നൽകി. ഷാർജയിലെ പ്രധാന പാതകളിലെ തിരക്ക് കുറയ്ക്കാനും യാത്രാസൗകര്യം വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് പുതിയ നിർമ്മാണം.
മലീഹ റോഡിൽ നിന്ന് തുടങ്ങി ശൈഖ് മുഹമ്മദ് ബിൻ സായിദ് പാലം ലക്ഷ്യമാക്കി നീളുന്ന പുതിയ പാലത്തിന് മൂന്ന് വരികളുണ്ടാകും. മലീഹ റോഡും ശൈഖ് ഖലീഫ ബിൻ സായിദ് റോഡും സംഗമിക്കുന്ന ഭാഗത്താണ് ഇത് നിർമ്മിക്കുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ യാത്രാസമയത്തിൽ ഏകദേശം 9 മിനിറ്റോളം ലാഭിക്കാൻ കഴിയുമെന്ന് ഷാർജ റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (SRTA) ചെയർമാൻ എഞ്ചിനീയർ യൂസഫ് ഖമീസ് അൽ ഉസ്മാനി വ്യക്തമാക്കി.
പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. ഒരു വർഷത്തിനുള്ളിൽ തന്നെ പണി പൂർത്തിയാക്കി ഗതാഗതത്തിനായി തുറന്നുകൊടുക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. എല്ലാ ദിശകളിലേക്കുമുള്ള ഗതാഗതം സുഗമമാക്കുന്നതിനും ഷാർജയിലെ റോഡ് ശൃംഖലയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും ഈ പദ്ധതി വലിയ മുതൽക്കൂട്ടാകും. നിലവിൽ മലീഹ റോഡിൽ അനുഭവപ്പെടുന്ന കടുത്ത ഗതാഗതക്കുരുക്കിന് ഇതോടെ ശാശ്വത പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.