ഗതാഗതക്കുരുക്കിന് പരിഹാരം: ഷാർജ അൽ താവുൻ തുരങ്കപ്പാതയുടെ ഒന്നാം ഘട്ടം നവംബറിൽ തുറക്കും

 

ഷാർജയിലെ ഗതാഗതക്കുരുക്കിന് വലിയ ആശ്വാസമേകുന്ന അൽ താവുൻ തുരങ്കപ്പാതയുടെ ഒന്നാം ഘട്ടം നവംബറിൽ തുറക്കും. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് മുന്നോടിയായാണ് നിർമാണം വേഗത്തിലാക്കിയത്. ശൈഖ് മുഹമ്മദ് ബിൻ സായിദ് സ്ട്രീറ്റ്, എമിറേറ്റ്സ് റോഡ് എന്നിവയെ ബന്ധിപ്പിക്കുന്ന റോഡുകളുടെ നിർമാണമാണ് ആദ്യഘട്ടത്തിൽ പൂർത്തിയാകുന്നത്. അൽ താവുൻ റൗണ്ട് എബൗട്ടിന് അടിയിലൂടെ നിർമിക്കുന്ന 500 മീറ്റർ നീളമുള്ള തുരങ്കത്തിൽ ഇരുവശത്തേക്കും മൂന്ന് വരികളാണുള്ളത്.

2027 ഫെബ്രുവരിയോടെ പദ്ധതി പൂർണമായി കമ്മീഷൻ ചെയ്യും. ഇതോടെ കാത്തിരിപ്പ് സമയം 85 ശതമാനം വരെ കുറയും. പുതിയ സിഗ്നൽ സംവിധാനം വഴി തിരക്കുള്ള സമയങ്ങളിൽ മണിക്കൂറിൽ 4,200 വാഹനങ്ങളെ കടത്തിവിടാനാകും. അൽ തആവുൻ സ്ട്രീറ്റിനെ അൽ നഹ്ദ ബ്രിഡ്ജുമായും ദുബൈയുമായും നേരിട്ട് ബന്ധിപ്പിക്കുന്നതാണ് ഈ പാത. ഇതോടെ പുസ്തകമേള ഉൾപ്പെടെ അന്താരാഷ്ട്ര മേളകൾക്ക് വേദിയാകുന്ന ഷാർജ എക്‌സ്‌പോ സെന്ററിലേക്കുള്ള യാത്രയും കൂടുതൽ സുഗമമാകും.

നിർമാണത്തിനായി താൽക്കാലികമായി മാറ്റിയ ചരിത്രപ്രസിദ്ധമായ അൽ താവുൻ റൗണ്ട് എബൗട്ട് സ്മാരകം, ടണൽ പൂർത്തിയാകുന്നതോടെ പഴയ സ്ഥാനത്ത് തന്നെ പുനഃസ്ഥാപിക്കും. ഇതിന് പുറമെ, 140 ദശലക്ഷം ദിർഹം ചെലവിൽ മലീഹ റോഡിൽ നിർമിക്കുന്ന 500 മീറ്റർ നീളമുള്ള പുതിയ ഓവർപാസ് വരുന്നതോടെ ഈ ഭാഗത്തെ യാത്രാസമയം 20 മിനിറ്റിൽ നിന്ന് 10 മിനിറ്റായി കുറയും. ഷാർജ ലേഡീസ് ക്ലബ്ബിന് മുന്നിലും കോർണിഷ് സ്ട്രീറ്റിലും കാൽനടയാത്രക്കാർക്കായി പുതിയ സിഗ്നലുകളും സജ്ജീകരിക്കുന്നുണ്ട്.