അബൂദബിയിൽ ഗതാഗത നിയന്ത്രണം

 

അബൂദബി അൽ ദഫ്‌റ മേഖലയിലെ അൽ മിർഫക്ക് സമീപം ശൈഖ് ഖലീഫ ബിൻ സായിദ് ഇന്റർനാഷണൽ റോഡ് (ഇ11) ഭാഗികമായി അടച്ചതായി അബൂദബി മൊബിലിറ്റി അറിയിച്ചു. റോഡ് നവീകരണ പ്രവൃത്തികളുടെ ഭാഗമായി ഡിസംബർ 21 മുതൽ ജനുവരി 10 വരെയാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.ഈ കാലയളവിൽ ഇരു ദിശകളിലേക്കുമായി രണ്ട് ലെയ്നുകൾ വീതം അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു.

അർധരാത്രി 12 മുതൽ പുലർച്ചെ 5 വരെയാണ് നവീകരണ പ്രവർത്തനങ്ങൾ നടക്കുക.പ്രഭാത സമയങ്ങളിൽ യാത്രക്കാർക്ക് കാലതാമസം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഡ്രൈവർമാർ മുൻകൂട്ടി യാത്ര ക്രമീകരിക്കണമെന്നും ബദൽ പാതകൾ തിരഞ്ഞെടുക്കണമെന്നും അബൂദബി മൊബിലിറ്റി എക്സ് അക്കൗണ്ടിലൂടെ നിർദേശിച്ചു.റോഡിലെ മുന്നറിയിപ്പ് ബോർഡുകളും ട്രാഫിക് നിർദേശങ്ങളും കൃത്യമായി പാലിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.