റഫിൽ ശൈഖ് മുഹമ്മദ് ബിൻ സാലിം റോഡിൽ ഇന്നുമുതൽ ഗതാഗത നിയന്ത്രണം; മൂന്ന് മാസത്തോളം അറ്റകുറ്റപ്പണികൾ
റാസൽഖൈമയിലെ ശൈഖ് മുഹമ്മദ് ബിൻ സാലിം സ്ട്രീറ്റിൽ ഇന്നുമുതൽ ഭാഗികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി റാക് പോലീസ് അറിയിച്ചു. റോഡിന്റെ അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഒൾഡ് റാക് ബോട്ട് റൗണ്ട്എബൗട്ട് മുതൽ ക്ലോക്ക് റൗണ്ട്എബൗട്ട് വരെയുള്ള ഭാഗങ്ങളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
ജൂൺ ഒന്നു മുതൽ ഓഗസ്റ്റ് 30 വരെയുള്ള മൂന്ന് മാസക്കാലയളവിലാണ് റോഡ് നിർമ്മാണ പ്രവൃത്തികൾ നടക്കുക. റോഡ് സുരക്ഷ പൂർണ്ണമായും ഉറപ്പുവരുത്തിക്കൊണ്ട് പദ്ധതി എത്രയും വേഗം പൂർത്തിയാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. ഇതിനായി ദിവസേന 24 മണിക്കൂറും നിർമ്മാണ പ്രവർത്തനങ്ങൾ തുടരുമെന്നും റാക് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
നിർമ്മാണ കാലയളവിൽ റോഡുകൾ ഭാഗികമായി അടച്ചിടാനും വാഹനങ്ങൾ വഴിതിരിച്ചുവിടാനും സാധ്യതയുള്ളതിനാൽ ഈ വഴി കടന്നുപോകുന്ന യാത്രക്കാർ മുൻകൂട്ടി ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണം. വേഗത പരിമിതപ്പെടുത്തി ട്രാഫിക് നിയമങ്ങളും സുരക്ഷാ നിർദ്ദേശങ്ങളും കർശനമായി പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.