ഖത്തറിൽ ട്രാഫിക് നിയമങ്ങൾ പരിഷ്കരിച്ചു; ഹൈവേകളിൽ കുറഞ്ഞ വേഗപരിധി നിർബന്ധം, ഡിസംബർ 19 മുതൽ പ്രാബല്യത്തിൽ
റോഡ് സുരക്ഷ കർശനമാക്കുന്നതിന്റെ ഭാഗമായി ഖത്തർ ആഭ്യന്തര മന്ത്രാലയം പുതിയ ട്രാഫിക് നിയമങ്ങൾ പ്രഖ്യാപിച്ചു. ഡിസംബർ 19 മുതലാണ് പരിഷ്കരിച്ച നിയമങ്ങൾ പ്രാബല്യത്തിലാകുക. പുതിയ മാറ്റങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി വിവിധ ഭാഷകളിൽ ക്യാമ്പയിനുകൾ സംഘടിപ്പിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. പുതിയ നിയമപ്രകാരം ഹൈവേകളിൽ പരമാവധി വേഗപരിധിക്കൊപ്പം കുറഞ്ഞ വേഗപരിധിയും കർശനമായി നടപ്പാക്കും. കാരണമില്ലാതെ വളരെ പതുക്കെ വാഹനമോടിച്ച് ഗതാഗത തടസ്സമുണ്ടാക്കുന്നത് ഇനി മുതൽ ശിക്ഷാർഹമാണ്. ഇതിനായി റോഡുകളിലെ ട്രാഫിക് സൈൻ ബോർഡുകൾ പരിഷ്കരിക്കും. വേഗപരിധി ലംഘിക്കുന്നവർക്ക് 500 റിയാലാണ് അടിസ്ഥാന പിഴ. തുടർന്ന് വർദ്ധിക്കുന്ന ഓരോ 10 കിലോമീറ്റർ വേഗതയ്ക്കും 100 റിയാൽ വീതം അധികം ഒടുക്കേണ്ടി വരും. പരമാവധി 1,000 റിയാൽ വരെയാണ് പിഴ ചുമത്തുക.
ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്കെതിരെ കടുത്ത നടപടിയാണ് പുതിയ നിയമത്തിലുള്ളത്. പിഴയ്ക്ക് പുറമെ 90 ദിവസം വരെ വാഹനം പിടിച്ചെടുക്കാൻ അധികൃതർക്ക് അധികാരമുണ്ടായിരിക്കും. കൂടാതെ, പൊതുനിരത്തുകളിൽ അനാവശ്യമായി ഹോൺ മുഴക്കുന്നതിനും നിയന്ത്രണമേർപ്പെടുത്തി. അപകടസാധ്യത ഒഴിവാക്കാൻ അത്യാവശ്യമുള്ള ഘട്ടങ്ങളിൽ മാത്രമേ ഹോൺ ഉപയോഗിക്കാവൂ. ഇത് ലംഘിച്ചാൽ 500 റിയാൽ പിഴ ഈടാക്കും. എയർ ഹോൺ, മ്യൂസിക്കൽ ഹോൺ എന്നിവയുടെ ഉപയോഗം പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്.
13 വയസ്സിന് താഴെയുള്ള കുട്ടികളെ വാഹനത്തിനുള്ളിൽ തനിച്ചാക്കി പോകുന്നതിന് കർശന വിലക്കുണ്ട്. ഭിന്നശേഷിക്കാർ, രോഗികൾ, മാനസിക വെല്ലുവിളി നേരിടുന്നവർ, പരസഹായം ആവശ്യമുള്ള വയോധികർ എന്നിവരെയും വാഹനത്തിൽ തനിച്ചാക്കി പോകാൻ പാടില്ല. രേഖാമൂലമുള്ള മുൻകൂർ അനുമതിയില്ലാതെ വാഹനങ്ങളുടെ ഗ്ലാസുകൾ ടിന്റ് ചെയ്യാനോ മറയ്ക്കാനോ പാടില്ലെന്നും നിയമം വ്യക്തമാക്കുന്നു. നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ചും നിശ്ചിത ഫീസ് ഒടുക്കിയും മാത്രമേ ഇതിന് ഇളവ് തേടാൻ സാധിക്കുകയുള്ളൂ.