മദീനയിൽ യാത്ര ഇനി കൂടുതൽ സുഗമമാകും; ബസ് സർവീസുകളുടെ പുതിയ സമയക്രമം പ്രഖ്യാപിച്ചു
നഗരത്തിലെ താമസക്കാർക്കും തീർത്ഥാടകർക്കും സന്ദർശകർക്കും യാത്രാസൗകര്യം വർദ്ധിപ്പിക്കുന്നതിനായി മദീന ബസ് പദ്ധതിയുടെ പുതുക്കിയ ഷെഡ്യൂൾ പ്രഖ്യാപിച്ചു. മദീന വികസന അതോറിറ്റിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഈ പദ്ധതിയിൽ നഗരത്തിലുടനീളമുള്ള 15 പ്രധാന റൂട്ടുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. തിരക്കും സ്റ്റോപ്പുകളുടെ എണ്ണവും പരിഗണിച്ചാണ് പുതിയ സമയക്രമം നിശ്ചയിച്ചിരിക്കുന്നത്.
യാത്രക്കാരുടെ സൗകര്യാർത്ഥം റൂട്ടുകളെ രണ്ട് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഇതിൽ ആദ്യ വിഭാഗത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന അഞ്ച് പ്രധാന റൂട്ടുകളാണുള്ളത്. വിമാനത്താവളം മുതൽ മസ്ജിദുന്നബവി വരെയുള്ള റൂട്ട് (400), മിഖാത്ത് - ഹറമൈൻ ഹൈ-സ്പീഡ് റെയിൽവേ (130), ഫൈസലിയ - വാദി മുദൈനിബ് (150), സയ്യിദ് അൽശുഹദാഅ് സ്ക്വയർ - ആലിയ (190), ഖാലിദിയ - അൽഖസ്‌വാഅ് (191) എന്നിവയാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുന്നത്. തീർത്ഥാടകർക്കും വിനോദസഞ്ചാരികൾക്കും ഏതുസമയത്തും യാത്ര ചെയ്യാൻ ഈ സർവീസുകൾ സഹായിക്കും.
രണ്ടാമത്തെ വിഭാഗത്തിൽ ഉൾപ്പെടുന്ന 10 റൂട്ടുകൾ ദിവസവും 18 മണിക്കൂർ വീതം സർവീസ് നടത്തും. പുലർച്ചെ ആറ് മണി മുതൽ അർദ്ധരാത്രി വരെയാണ് ഈ റൂട്ടുകളിലെ പ്രവർത്തന സമയം. ഖന്ദഖ്, ഖുർആൻ പ്രിന്റിംഗ് പ്രസ്, ജബൽ അയ്ർ, ഖുബാഅ് പള്ളി തുടങ്ങിയ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന റൂട്ടുകൾ ഇതിൽ ഉൾപ്പെടുന്നു. ഹജ്ജ്-ഉംറ സീസണുകളിൽ എത്തുന്ന ദശലക്ഷക്കണക്കിന് ആളുകൾക്ക് സുരക്ഷിതവും സുസ്ഥിരവുമായ ഗതാഗത സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.