ഇറാൻ പ്രക്ഷോഭത്തിലെ കൂട്ടക്കുരുതിക്ക് ഉത്തരവാദി ട്രംപ്; രൂക്ഷവിമർശനവുമായി ആയത്തുല്ല അലി ഖമേനി

 

ഇറാനിൽ നടന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനിടെയുണ്ടായ വ്യാപകമായ മരണങ്ങൾക്കും നാശനഷ്ടങ്ങൾക്കും ഉത്തരവാദി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപാണെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി ആരോപിച്ചു. വാഷിങ്ടൺ നേരിട്ടാണ് കലാപത്തിന് നേതൃത്വം നൽകിയതെന്ന് ആരോപിച്ച ഖമേനി, ട്രംപിനെ 'കുറ്റവാളി' എന്ന് മുദ്രകുത്തി. ഇറാനെ വീണ്ടും തങ്ങളുടെ സൈനിക, രാഷ്ട്രീയ, സാമ്പത്തിക ആധിപത്യത്തിന് കീഴിൽ കൊണ്ടുവരാനുള്ള അമേരിക്കയുടെ ആസൂത്രിത നീക്കമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിവിധ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം 3,092 പേർ പ്രക്ഷോഭത്തിൽ കൊല്ലപ്പെടുകയും 22,123 പേർ അറസ്റ്റിലാകുകയും ചെയ്തിട്ടുണ്ട്. ജനുവരി 8-ന് ഇറാനിൽ ഇന്റർനെറ്റ് വിച്ഛേദിച്ചതിന് പിന്നാലെയാണ് അതിശക്തമായ അടിച്ചമർത്തലുകളും കൊലപാതകങ്ങളും നടന്നതെന്ന് മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ഇറാന്റെ 31 പ്രവിശ്യകളിലായി അറുനൂറിലധികം പ്രതിഷേധങ്ങളാണ് നടന്നത്.

പ്രക്ഷോഭകർക്കെതിരായ സർക്കാർ നടപടികൾ തുടരുകയാണെങ്കിൽ സൈനിക നീക്കം ഉൾപ്പെടെയുള്ള ശക്തമായ പ്രതികരണങ്ങൾ പരിഗണനയിലുണ്ടെന്ന് ട്രംപ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ ഡിസംബർ 28-ന് രാജ്യത്തെ കടുത്ത വിലക്കയറ്റത്തിനും പണപ്പെരുപ്പത്തിനുമെതിരെയാണ് ഇറാനിൽ ജനങ്ങൾ തെരുവിലിറങ്ങിയത്.