ഇറാനുമായുള്ള വെടിനിർത്തൽ നീട്ടി ട്രംപ്; ഹോർമുസിൽ നാവിക ഉപരോധം തുടരും
പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കെ ഇറാനുമായുള്ള വെടിനിർത്തൽ കരാർ നീട്ടി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പാകിസ്ഥാൻ മധ്യസ്ഥതയിൽ നടന്ന ചർച്ചകൾ അനിശ്ചിതത്വത്തിലായ സാഹചര്യത്തിലാണ്, ഇറാൻ സ്വന്തം നിർദ്ദേശങ്ങൾ സമർപ്പിക്കുന്നത് വരെ വെടിനിർത്തൽ തുടരുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്. എന്നാൽ ഹോർമുസ് കടലിടുക്കിലെ കർശനമായ നാവിക ഉപരോധം പിൻവലിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്‌ലാമാബാദ് ചർച്ചകളിൽ അന്തിമ കരാറായില്ലെങ്കിൽ ഇറാനെ തകർക്കുമെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഭീഷണിയും ചർച്ചയും ഒരുമിച്ച് കൊണ്ടുപോകാനാവില്ലെന്ന് ചൂണ്ടിക്കാട്ടി ഇറാൻ ചർച്ചകളിൽ നിന്ന് വിട്ടുനിന്നതോടെയാണ് പുതിയ നീക്കം.
കഴിഞ്ഞ 47 വർഷമായി എല്ലാ അമേരിക്കൻ പ്രസിഡന്റുമാരെയും ചൂഷണം ചെയ്യാൻ ഇറാന് കഴിഞ്ഞിട്ടുണ്ടെന്നും എന്നാൽ തന്റെ കാലത്ത് അത് അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു. നിലവിലെ സൈനിക നീക്കങ്ങളിലൂടെ ഇറാന്റെ നാവിക-വ്യോമ സേനകളെയും ആണവ സംവിധാനങ്ങളെയും തകർക്കാൻ കഴിഞ്ഞതായും അദ്ദേഹം അവകാശപ്പെട്ടു. നിലവിലെ നാവിക ഉപരോധം വഴി പ്രതിദിനം 500 മില്യൺ ഡോളറിന്റെ നഷ്ടമാണ് ഇറാന് സംഭവിക്കുന്നത്. ഈ സാമ്പത്തിക ആഘാതം ഇറാനെ ചർച്ചകളിലേക്ക് തിരികെ കൊണ്ടുവരാൻ പ്രേരിപ്പിക്കുമെന്ന് ട്രംപ് വിശ്വസിക്കുന്നു. ഉപരോധം ഭയന്ന് ഹോർമുസ് അടച്ചിടുന്നതായി ഇറാൻ പ്രഖ്യാപിച്ചത് കേവലം മുഖം രക്ഷിക്കൽ തന്ത്രമാണെന്നും അദ്ദേഹം പരിഹസിച്ചു.
വെടിനിർത്തൽ നീട്ടിയ നടപടിയെ പാക് പ്രധാനമന്ത്രി ഷഹബാസ് ശരീഫ് സ്വാഗതം ചെയ്യുകയും ട്രംപിന് നന്ദി അറിയിക്കുകയും ചെയ്തു. നയതന്ത്ര ചർച്ചകൾ തുടരാൻ ഈ തീരുമാനം സഹായകമാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. അതേസമയം, വെടിനിർത്തൽ കാലയളവിലും ഏത് സാഹചര്യവും നേരിടാൻ സേന സജ്ജമാണെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചിട്ടുണ്ട്. മേഖലയിലെ സമാധാനം പുനഃസ്ഥാപിക്കുന്നതിൽ ഈ നീക്കം എത്രത്തോളം നിർണ്ണായകമാകുമെന്ന് ഉറ്റുനോക്കുകയാണ് ലോകരാജ്യങ്ങൾ.