ബോംബിടുന്നതിന്റെ ‘എഐ വിഡിയോ’യുമായി ട്രംപ്

 

 

ഒരുമാസത്തെ ഇടവേളയ്ക്കുശേഷം ഇറാനിൽ അമേരിക്ക വീണ്ടും ബോംബിട്ടു. ഹോർമുസ് കടലിടുക്കിലെ ലാറക്ക് ദ്വീപിലെ 2 റോക്കറ്റ് ലോഞ്ചറുകളാണ് യുഎസ് ഇന്നലെ പുലർച്ചെ ആക്രമിച്ചുതകർത്തത്.തിരിച്ചടിയായി ജോർദാനിലെ യുഎസ് താവളങ്ങളിലും യുഎഇയിലെ അൽ മിൻഹാദ് വ്യോമത്താവളത്തിലും ആക്രമണം നടത്തിയെന്ന് ഇറാൻ അവകാശപ്പെട്ടു. ഇറാൻ ഡ്രോണുകളെ സമുദ്രാതിർത്തിയിൽത്തന്നെ വെടിവച്ചിട്ടതായി യുഎഇ അറിയിച്ചു.

ഹോർമുസിൽ യുഎസിന്റെ ഡ്രോൺ വെടിവച്ചിട്ടതായി ഇറാൻ സേന പറഞ്ഞു. യുഎസ് ആക്രമണത്തിൽ ലാറക്കിൽ 2 ഇറാൻ സൈനികർ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേർക്കു പരുക്കേറ്റു. അതിനിടെ, ഹോർമുസ് കടലിൽ ഇറാൻസേന വച്ച ബോംബു പൊട്ടി എണ്ണക്കപ്പലിനു തീപിടിച്ചു. യുഎസ് ആക്രമണത്തിനുപിന്നാലെ ഇന്നലെ രാജ്യാന്തര വിപണിയിൽ എണ്ണവില 2% ഉയർന്നു.ഇറാന്റെ മുഖ്യ എണ്ണകയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപ് ബോംബിട്ടു തകർക്കുന്നതിന്റെ എഐ നിർമിത വിഡിയോ യുഎസ് പ്രസിഡന്റ് സമൂഹമാധ്യമത്തിൽ പങ്കുവച്ചു. എന്നാൽ, ഖാർഗിൽ ആക്രമണം നടന്നതായി വിവരമില്ല.