ഇറാനിലെ സ്കൂളിന് നേരെയുണ്ടായ ആക്രമണം ആരും മനപ്പൂർവ്വം ചെയ്തതല്ലെന്ന് ട്രംപ്

 

 

ഫെബ്രുവരിയിൽ ഇറാനിലെ പെൺകുട്ടികളുടെ സ്കൂളിന് നേരെയുണ്ടായ മിസൈൽ ആക്രമണം ആരും മനപ്പൂർവ്വം ചെയ്തതല്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുദ്ധത്തിൽ തെറ്റുകൾ സംഭവിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫ്രാൻസിലെ എവിയാൻ-ലെ-ബെയിൻസിൽ നടക്കുന്ന ജി7 ഉച്ചകോടിക്കിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തെക്കുറിച്ച് നിലവിൽ അന്വേഷണം നടക്കുകയാണെന്ന് ട്രംപ് വ്യക്തമാക്കി. യുദ്ധം എപ്പോഴും ക്രൂരമാണെന്നും എന്നാൽ ഇതാരും മനപ്പൂർവ്വം ചെയ്തതല്ലെന്നും ട്രംപ് പറഞ്ഞു. ആക്രമണത്തിൽ യുഎസിന് പങ്കുണ്ടോ എന്ന ചോദ്യത്തിന്, ശത്രുക്കൾ വധിച്ച ആയിരക്കണക്കിന് സൈനികരുടെ കാര്യമോയെന്ന മറുചോദ്യമാണ് ട്രംപ് ഉന്നയിച്ചത്.യുഎസ്-ഇസ്രായേൽ സംയുക്ത സൈനിക നീക്കത്തിന്റെ ആദ്യ ദിനമായ ഫെബ്രുവരി 28-നാണ് തെക്കൻ ഇറാനിലെ മിനാബിലുള്ള സ്കൂളിന് നേരെ ആക്രമണമുണ്ടായത്. ഇറാന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം 168-ലധികം കുട്ടികളും അധ്യാപകരും ഈ ദുരന്തത്തിൽ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും 7 നും 12 നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളായിരുന്നു. ആക്രമണം നടന്ന സമയത്ത് യാതൊരു തെളിവുകളുമില്ലാതെ ഇതിന്റെ ഉത്തരവാദിത്തം ഇറാന്റെ മേൽ കെട്ടിവെക്കാനാണ് ട്രംപ് ആദ്യം ശ്രമിച്ചത്. ഇറാന്റെ മിസൈലുകൾക്ക് കൃത്യതയില്ലാത്തതാണ് ദുരന്തത്തിന് കാരണമായതെന്നായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്.

യുഎസ് സൈന്യത്തിന്റെ പ്രാഥമിക ആഭ്യന്തര അന്വേഷണത്തിൽ, മിനാബിലുണ്ടായ മാരകമായ ആക്രമണത്തിന് പിന്നിൽ യുഎസ് സൈന്യം തന്നെയാകാനാണ് സാധ്യതയെന്ന് കണ്ടെത്തിയിരുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. യുഎസ് നാവികസേന ഉപയോഗിക്കുന്ന ടോമാഹോക്ക് ക്രൂസ് മിസൈലാണ് സ്കൂളിൽ പതിച്ചതെന്ന് വിദഗ്ധരും കണ്ടെത്തിയിട്ടുണ്ട്. ഇറാന്റെ ഒരു ക്രൂസ് മിസൈൽ കേന്ദ്രത്തിന് തൊട്ടടുത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്തിരുന്നതെന്നും, അതുകൊണ്ടുതന്നെ അന്വേഷണം ഏറെ സങ്കീർണ്ണമാണെന്നുമാണ് യുഎസ് സെൻട്രൽ കമാൻഡ് മേധാവി വ്യക്തമാക്കുന്നത്. അന്വേഷണം ഇപ്പോൾ അവസാന ഘട്ടത്തിലാണ്. ഈ ആക്രമണം മനപ്പൂർവ്വം ചെയ്തതാണെന്നാണ് ഇറാന്റെ നിലപാട്. എന്നാൽ യുഎസ് മനപ്പൂർവ്വം ഒരു സ്കൂളിനെ ലക്ഷ്യമിടില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ നേരത്തെ പ്രതികരിച്ചിരുന്നു.