സമാധാനക്കരാർ ഇസ്രയേലിന്റെ സുരക്ഷാഭീഷണി ഇല്ലാതാക്കിയെന്ന് ട്രംപ്
ഇറാനുമായി അമേരിക്ക സമാധാനക്കരാർ ഒപ്പുവെച്ചതോടെ ഇസ്രയേലിന്റെ ഏറ്റവും വലിയ സുരക്ഷാ ഭീഷണി ഇല്ലാതായെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫ്രാൻസിലെ ഏവിയൻ-ലെ-ബെയ്ൻസിൽ നടക്കുന്ന ജി7 ഉച്ചകോടിക്കിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കരാറിൽ ഒപ്പിടുന്നതിന് മുൻപ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി താൻ സംസാരിച്ചിരുന്നുവെന്ന് ട്രംപ് വെളിപ്പെടുത്തി. ‘ബിബി, ആലോചിച്ചു നോക്കൂ. നിങ്ങൾ ചോദിച്ചുകൊണ്ടിരുന്ന പ്രധാനപ്പെട്ട കാര്യം മികച്ചരീതിയിൽ നിങ്ങൾക്ക് ലഭിച്ചിരിക്കുന്നു’ എന്ന് താൻ നെതന്യാഹുവിനോട് പറഞ്ഞതായി ട്രംപ് വ്യക്തമാക്കി. ഇറാന്റെ ആണവാക്രമണത്തിൽനിന്ന് ഇസ്രയേലിനെ സംരക്ഷിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഈ കരാർ ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്രയേൽ നേരിട്ടിരുന്ന ഏറ്റവുംവലിയ വെല്ലുവിളി ഇറാൻ്റെ ആക്രമണമായിരുന്നു. ഈ കരാറിലൂടെ അത് ഇല്ലാതായതിൽ ഇസ്രയേൽ അതീവ സന്തുഷ്ടരാണ്. അമേരിക്കയും താനുമില്ലെങ്കിൽ ഇസ്രയേൽ ഉണ്ടാകില്ലായിരുന്നുവെന്നും മറ്റൊരു പ്രസിഡന്റും ചെയ്യാത്ത കാര്യങ്ങളാണ് താൻ ഇസ്രായേലിനായി ചെയ്തതെന്നും ട്രംപ് അവകാശപ്പെട്ടു.
കരാർ പ്രകാരം, ഇറാന്റെ കൈവശമുള്ള സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ അളവ് കുറയ്ക്കാൻ ബാധ്യസ്ഥരാണ്. പകരം, ഇറാനെതിരെയുള്ള ഉപരോധങ്ങൾ നീക്കുമെന്ന് അമേരിക്ക ഉറപ്പുനൽകിയിട്ടുണ്ട്. ഇറാന്റെ ആണവ പദ്ധതിയുടെ ഭാവിയേക്കുറിച്ച് കൂടുതൽ ചർച്ചകൾ നടത്തുന്നതിനായി 60 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. കൂടാതെ, ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ലെബനന്റെ ഭൂമിശാസ്ത്രപരമായ അഖണ്ഡത ഉറപ്പുവരുത്തുന്നതിനുള്ള വ്യവസ്ഥകളും കരാറിൽ ഉൾപ്പെടുന്നു.
അതേസമയം, ലെബനനിലെ ഹിസ്ബുള്ളയ്ക്കെതിരായ സൈനികനീക്കം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ഇസ്രയേൽ. താൻ പ്രധാനമന്ത്രിയായിരിക്കുന്നിടത്തോളം കാലം ലെബനനിൽനിന്ന് സൈന്യത്തെ പിൻവലിക്കില്ലെന്നും ഇസ്രയേലിന്റെ സ്വയം പ്രതിരോധത്തിനുള്ള അവകാശം നിലനിർത്തുമെന്നും നെതന്യാഹു വ്യക്തമാക്കി. ഇസ്രയേലിന്റെ പിന്മാറ്റം അമേരിക്ക-ഇറാൻ കരാറിന്റെ ഭാഗമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.